വയോജനങ്ങള്‍ക്കുള്ള ദന്തചികിത്സ; വീട്ടിലെത്തും കിംസ്ഹെല്‍ത്ത്

തിരുവനന്തപുരം / October 19, 2021

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വൃദ്ധരായ രോഗികള്‍ക്ക് ദന്തചികിത്സ വീട്ടിലെത്തി നടത്തുകയാണ് കിംസ്ഹെല്‍ത്ത്. തിരുവനന്തപുരം നഗരത്തിലാണ് തുടക്കത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.


കൊവിഡ് ലോക് ഡൗണ്‍ സമയത്ത് കിടപ്പിലായ വയോവൃദ്ധനായ രോഗിയ്ക്ക് ദന്തചികിത്സ നടത്തുന്നതിനുള്ള അന്വേഷണം ടെലിമെഡിസിന്‍ വിഭാഗത്തില്‍ വന്നതിലൂടെയാണ് വീട്ടിലെത്തി ചികിത്സ നടത്തുന്നതിനുള്ള സാധ്യത ഡോക്ടര്‍മാര്‍ അന്വേഷിച്ചത്. തുടര്‍ന്ന് ഡെന്‍റിസ്റ്റ്, ടെക്നീഷ്യന്‍, നഴ്സ് എന്നിവര്‍ വീട്ടിലെത്തി രോഗിയെ ചികിത്സിക്കുകയായിരുന്നു.


വായിലെ പല്ല് പൂര്‍ണമായും (ഡെഞ്ച്വര്‍) മാറ്റിവയ്ക്കേണ്ട അവസ്ഥയിലായിരുന്നു തൊണ്ണൂറുകാരനായ ഇദ്ദേഹം. അധികസമയം ഇരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്ന അദ്ദേഹത്തിന് അഞ്ച് ഭവന സന്ദര്‍ശനങ്ങളിലൂടെയാണ് കിംസ്ഹെല്‍ത്തിലെ ദന്തചികിത്സാ സംഘം പല്ല് പൂര്‍ണമായും ഘടിപ്പിച്ചത്.


ഒരു ഡെന്‍റല്‍ ക്ലിനിക്കില്‍ വച്ച് ചെയ്യേണ്ട സങ്കീര്‍ണമായ ചികിത്സാരീതിയാണ് പ്രത്യേക താത്പര്യമെടുത്ത് വീട്ടില്‍ വച്ച് ചെയ്തത്. ഈ വെല്ലുവിളി ഏറ്റെടുത്ത് ചികിത്സാദൗത്യം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും എംഡിയുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. ചികിത്സയോടും രോഗീപരിചരണത്തോടുമുള്ള കിംസ്ഹെല്‍ത്തിന്‍റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സാമൂഹ്യചികിത്സാരീതിയില്‍ കണ്ടു വരുന്ന ഡെന്‍റല്‍ ക്യാമ്പില്‍ നിന്ന് പാടെ വ്യത്യസ്തമാണ് കിംസ്ഹെല്‍ത്ത് ഇപ്പോള്‍ നല്‍കുന്ന ഈ സേവനം. ഓരോ രോഗിയുടെയും ആവശ്യമറിഞ്ഞ് വ്യക്തിപരമായാണ് ദന്തചികിത്സാ സേവനങ്ങള്‍ നല്‍കുന്നത്. വയോജന്യരോഗാവസ്ഥയിലുള്ള രോഗികള്‍ക്കാണ് ഈ സൗകര്യം ഏറെ ഗുണം ചെയ്യുന്നത്.


കൊവിഡ് ഭീതിയില്‍ പുറത്തിറങ്ങാന്‍ ആശങ്കയുള്ളവര്‍ക്കും ശയ്യാവലംബിതരായ രോഗികള്‍ക്കും ദന്തപരിചരണം ആവശ്യമായി വന്നാല്‍ ഏറെ സഹായകരമാവുകയാണ് കിംസ്ഹെല്‍ത്തിന്‍റെ ഈ സേവനം.

Photo Gallery