സഹകരണ നിയമ ഭേദഗതി; ക്ഷീരമേഖലയില്‍ നേതൃമാറ്റം അനിവാര്യം: എന്‍.ഭാസുരാംഗന്‍

തിരുവനന്തപുരം / November 15, 2021

ക്ഷീര സഹകരണ മേഖലയിലെ മുരടിപ്പ് മാറ്റി പുതിയ ആശയങ്ങളും ഉണര്‍വും നല്‍കാന്‍ ഉതകുന്ന സഹകരണ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റീജിയണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടിആര്‍സിഎംപിയു) പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു.

ജില്ലാതല പ്രാതിനിധ്യം ഉള്‍പ്പെടെ മുന്‍പ് വന്ന ഭേദഗതികള്‍ ബൈലായില്‍ ഉള്‍പ്പെടുത്തുവാന്‍ മുന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും ഡിസംബര്‍ 9 ന് നടത്താന്‍ നിശ്ചയിച്ചിട്ടുളള പൊതുയോഗത്തില്‍ നിയമാനുസൃതമായുളള ബൈലാ ഭേദഗതികള്‍ നടത്തി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ അറിയിച്ചു.

ത്രിതല ക്ഷീരോത്പ്പാദക സഹകരണ സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ ക്ഷീരവികസന കമ്മീഷണര്‍ ലിഡ ജേക്കബ് അധ്യക്ഷയായ മൂന്നംഗ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ക്ഷീര സഹകരണ സംഘങ്ങളുടെ ഭരണത്തില്‍ ക്ഷീരകര്‍ഷകരുടെയും വനിതകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് മേഖല യൂണിയനുകളുടെ ഭരണസമിതികളില്‍ ഒരാള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ അംഗമായിരിക്കുവാന്‍ കഴിയില്ല. ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിന് ഒരാള്‍ക്ക് രണ്ട്  തവണയില്‍ കൂടുതല്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

തിരുവനന്തപുരം മേഖല യൂണിയനില്‍ പതിറ്റാണ്ടുകളായി ചെയര്‍മാനായി തുടര്‍ന്നുവന്നിരുന്ന കല്ലട രമേശും ഭരണസമിതി അംഗങ്ങളായിരുന്ന എസ്.അയ്യപ്പന്‍നായര്‍, അഡ്വ.എസ്.ഗിരീഷ്, വി.വേണുഗോപാലകുറുപ്പ്, കെ.രാജശേഖരന്‍, എസ്.സദാശിവന്‍പിളള, മാത്യു ചാമത്തില്‍, കരുമാടി മുരളി എന്നിവര്‍ക്ക് പുതിയ നിയമ ഭേദഗതിയിലൂടെ ഇനിവരുന്ന മേഖല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ കഴിയുകയില്ല.
 
പുതിയ ഭേദഗതി നിലവില്‍ വന്നതോടെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലും മേഖല യൂണിയന്‍ ഭരണസമിതിയിലും യഥാര്‍ഥ ക്ഷീരകര്‍ഷകര്‍ക്ക് മാത്രമേ അംഗങ്ങളാകാന്‍ കഴിയുകയുളളൂ. ഇതോടൊപ്പം ഭരണസമിതിയിലെ മൂന്ന് വനിതാ അംഗങ്ങളില്‍ ഒരാള്‍ സംഘത്തിന്‍റെ പ്രസിഡന്‍റ്/വൈസ് പ്രസിഡന്‍റ് ആയിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമ ഭേദഗതിയിലൂടെ ക്ഷീര സംഘങ്ങളിലും മേഖല യൂണിയനിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നു.

Photo Gallery