വൈദ്യുതവാഹന മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകള്‍- രാജീവ് ചന്ദ്രശേഖര്‍

കൊച്ചി / November 12, 2021

 വൈദ്യുതവാഹന മേഖലയിലും ഇലക്ട്രോണിക്സ് ഡിസൈന്‍ മേഖലയിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ടെക്നോളജി ഇനോവേഷന്‍ സോണിലുള്ള മേക്കര്‍വില്ലേജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സോഫ്റ്റ്വെയര്‍ മേഖലയിലാണ് രാജ്യത്തെ മിക്ക സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നു വരുന്നത്. അതിനാല്‍ കെഎസ്യുഎമ്മിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്റര്‍ എന്ന നിലയിലുള്ള മേക്കര്‍വില്ലേജിന് ഏറെ സംഭാവനകള്‍ നല്‍കാനാകും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ചിപ്പുകള്‍ ഉപയോഗിച്ച് മികച്ച ഇലക്ട്രോണിക് സിസ്റ്റം രൂപകല്‍പ്പന ചെയ്യാന്‍ സംരംഭകര്‍ക്ക് സാധിക്കണം. ഈ മേഖലയില്‍ സാമ്പത്തികസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.


വൈദ്യുതവാഹനങ്ങള്‍ വലിയ സാധ്യതയാണ് സംരംഭകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. വാഹനമേഖലയിലെ ഭാഗികമായ ഇലക്ട്രോണിക് സൗകര്യങ്ങളെ അപേക്ഷിച്ച് വൈദ്യുതവാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും വലിയ വിപണിയുണ്ട്. എല്ലാ രാജ്യങ്ങളും ഈ മേഖലയില്‍ തുടക്കക്കാരായതിനാല്‍ മികച്ച ഉത്പന്നം വിപണി കീഴടക്കും. ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്കെത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആശയങ്ങളിലും മാതൃകകളിലും ഒതുങ്ങിപ്പോകാതെ ഉത്പന്നം വിപണിയിലേക്കിറക്കുന്നതിനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ മാസം തോറും ഒരു യൂണികോണ്‍ എന്ന നിരക്കില്‍ രാജ്യത്ത് വേറിട്ട കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. കേരളത്തില്‍ നിന്നും യൂണികോണ്‍ കമ്പനികള്‍ വരേണ്ടത് ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം ഇനിയും വികസിക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍വില്ലേജ്, ഐഐഐടിഎം-കെ, കേരള ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ മേധാവികള്‍, മറ്റ് വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി മന്ത്രി ആശയവിനിമയം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍വില്ലേജ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല, സിഎംഇടി തൃശൂര്‍ എന്നിവ സംയുക്തമായി ഒരുക്കുന്ന ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സിന്‍റെ മികവിന്‍റെ കേന്ദ്രം കേന്ദ്രസഹമന്ത്രി സന്ദര്‍ശിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തി. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനത്ത് ഒരുക്കിയ വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.


കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ്, മേക്കര്‍വില്ലേജ് സിഇഒ നിസാമുദ്ദീന്‍ മുഹമ്മദ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഐഐഐടിഎം- കെ ചെയര്‍മാന്‍ മാധവന്‍ നമ്പ്യാര്‍, മുന്‍ കേന്ദ്രടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, കെഎസ്ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

ഫോട്ടോ ക്യാപ്‌ഷൻ:
KSUM_Rajeev Chandrasekhar Visit Pic 1: കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ടെക്നോളജി ഇനോവേഷൻ സോൺ സന്ദർശിക്കാനെത്തിയ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അവിടെ ഒരുക്കിയ വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ സന്ദർശിക്കുന്നു.

Photo Gallery

+
Content