സംസ്ഥാനം ബൃഹദ് പരിവര്‍ത്തനത്തിനുള്ള കാര്യശേഷി ആര്‍ജ്ജിച്ചതായി ആസൂത്രണ ബോര്‍ഡ് സമ്മേളനം

വ്യവസായ പ്രമുഖരും അന്താരാഷ്ട്ര വിദഗ്ധരും സംസ്ഥാനത്തിന് മുന്നേറാനുള്ള ആശയങ്ങള്‍ നിര്‍ദേശിച്ചു
തിരുവനന്തപുരം / February 6, 2021

പുതുതലമുറ സാമ്പത്തിക പരിവര്‍ത്തനത്തിന് സംസ്ഥാനം സജ്ജമെന്ന് ഭാവി വീക്ഷണത്തിലൂടെ കേരളം എന്ന പ്രമേയത്തിലൂന്നി ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യാവസായിക പ്രമുഖര്‍, ശാസ്ത്രജ്ഞര്‍, ആസൂത്രണ-സാമ്പത്തിക വികസന വിദഗ്ധര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലെ ഗവേഷകരും വിദഗ്ധരും തമ്മിലുള്ള ദേശീയ അന്തര്‍ദേശീയ ചര്‍ച്ചയ്ക്ക് സമ്മേളനം ഉത്തേജനം നല്‍കിയിട്ടുണ്ടെന്നും അവയില്‍നിന്ന് നിരവധി നിര്‍ദ്ദേശങ്ങളും പുതിയ ആശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സമാപന സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ സമ്മേളനം ഒന്‍പത് വിഷയങ്ങളെ അടിസ്ഥാനമാക്കി 22 സെഷനുകള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. കാര്‍ഷിക-കന്നുകാലി- മത്സ്യസമ്പത്ത് വിഭവങ്ങളുടെ ആധുനികവതക്ക്കരണം, വിവരസാങ്കേതിക വിദ്യയില്‍ പുതിയ ദിശാബോധം, ആധുനിക നൈപുണ്യവും തൊഴില്‍ക്ഷതയും, ഇ-ഗവേണന്‍സ്, സുസ്ഥിര ആധുനിക വ്യാവസായിക സാധ്യതകള്‍ പര്യവേഷണം ചെയ്യല്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസവും ഗവേഷണവും  നവീകരിക്കല്‍, പുതിയ ടൂറിസം തന്ത്രങ്ങളുടെ വികാസം തുടങ്ങിയവയായിരുന്നു സുപ്രധാന വിഷയങ്ങള്‍. സാമ്പത്തിക വികസനവും ഫെഡറലിസവും,  പ്രാദേശിക സ്വയംഭരണ സര്‍ക്കാര്‍ എന്നീ വിഷയങ്ങളിലും പ്രത്യേക സെഷനുകള്‍ നടന്നു.

സമ്മേളനത്തിലൂടെ ഉരുത്തിരിഞ്ഞ ഫലപ്രദമായ ആശയങ്ങള്‍ 14-ാം പഞ്ചവത്സര പദ്ധതി (2022-27) തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടുത്തുമെന്നും നടപടിക്രമങ്ങളെല്ലാം സമന്വയിപ്പിച്ച്  സര്‍ക്കാരിന് ഗുണകരമാകുന്ന രീതിയില്‍ ഉപയുക്തമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വികെ രാമചന്ദ്രന്‍ പറഞ്ഞു. പ്രമുഖരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തിയുള്ള ഇത്തരമൊരു ബൃഹത്തായ വെര്‍ച്വല്‍ സമ്മേളനം നടന്നത് ആദ്യമായാണ്. 11 രാജ്യങ്ങളില്‍ നിന്നായി 190 ല്‍പരം പ്രഭാഷകര്‍ പങ്കുചേര്‍ന്ന സമ്മേളനത്തില്‍ വ്യത്യസ്ത വികസന മാതൃകകള്‍ മുന്നോട്ടുവയ്ക്കുന്ന കേരളത്തിന്‍റെ ചരിത്ര നേട്ടങ്ങളും കഴിഞ്ഞ നാലരവര്‍ഷത്തെ വികസനനേട്ടങ്ങളും നേതൃത്വവും ശ്രദ്ധനേടിയതായി അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആഗോള സമ്മേളനം നടത്തുന്നതിന് സര്‍ക്കാര്‍ ഒരുക്കത്തിലാണെന്നും അതിനാലാണ് മേഖലയിലൂന്നിയ വിശദ ചര്‍ച്ചയിലേക്ക് സമ്മേളനം കടക്കാതിരുന്നതെന്നും ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി ഇക്ബാല്‍ പറഞ്ഞു. അന്താരാഷ്ട്ര വിനോദസഞ്ചാരം പൂര്‍വ്വസ്ഥിതിയിലെത്താന്‍ 2024 ആകുമെന്നും അതുവരെ പ്രാദേശിക ടൂറിസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും  ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വേണു വി ഐഎഎസ് പറഞ്ഞു.

രണ്ട് നൊബേല്‍ ജേതാക്കള്‍, രാജ്യത്തെ പ്രമുഖ വ്യവസായികള്‍, വേള്‍ഡ് ഫുഡ് പ്രൈസ് ജേതാവ്, ഡബ്ല്യുഎച്ച്ഒയിലെ മുഖ്യ ശാസ്ത്രജ്ഞ,  രാജ്യാന്തര ഐടി ബിസിനസിലെ മുതിര്‍ന്ന പ്രതിനിധികള്‍, മുതിര്‍ന്ന ദേശീയ-രാജ്യാന്തര പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതികവിദഗ്ധര്‍, ചിന്തകര്‍, കേന്ദ്രസര്‍ക്കാര്‍- ഐഎല്‍ഒ- ഡബ്ല്യുഎച്ച്ഒ- ദേശീയ-രാജ്യാന്തര സ്ഥാപനങ്ങളിലെ വിദഗ്ധരും സമ്മേളനത്തിന്‍റെ ഭാഗമായിരുന്നു. സംസ്ഥാന മന്ത്രിമാരും ഭരണകര്‍ത്താക്കളും പ്രത്യേക താല്‍പര്യത്തോടെ പങ്കെടുത്തു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമിക വിദഗ്ധര്‍, വ്യാവസായിക സ്ഥാപനങ്ങള്‍, കാര്‍ഷിക സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, പ്രസ്ഥാനങ്ങള്‍, യുവജനങ്ങള്‍ എന്നിവരും  ഉള്‍പ്പെടുന്നു.

യോഗ്യതയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യോഗ്യതയുള്ള ഭരണം, പങ്കാളിത്ത ജനാധിപത്യവും വികേന്ദ്രീകരണവും, ശാസ്ത്രത്തെ ആശ്രയിക്കല്‍, ആസൂത്രണത്തിന് നല്‍കുന്ന തുടര്‍ച്ചയായ പ്രാധാന്യം എന്നിവയാണ് കേരളത്തിന്‍റെ വിജയത്തിനു കാരണങ്ങളെന്ന് നോബല്‍ ജേതാവും കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെട്ടു. ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും വിപണികളെ സഹായിക്കുന്നതിനും സര്‍ക്കാരിന്‍റെ നേതൃത്വപരമായ പങ്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മാനവികത, യുക്തി, പൊതുചര്‍ച്ച എന്നിവ കേരളത്തിന്‍റെ  അമൂല്യ സമ്പത്താണെന്നും അവയാണ് ഭാവിക്കായി പ്രയോജനപ്പെട്ടുത്തേണ്ടതെന്നും സമാപന സമ്മേളനത്തില്‍ സംസാരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍ പറഞ്ഞു. താന്‍ ഈ സമയം കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു.

പ്രാമുഖ്യം നല്‍കേണ്ട മേഖലകളെ കണ്ടെത്തി സുസ്ഥിര വ്യാവസായിക വികസനത്തിലേക്കുള്ള കേരളത്തിന്‍റെ പരിശ്രമങ്ങളെ രത്തന്‍ ടാറ്റ, അസിം പ്രേംജി, ആനന്ദ് മഹീന്ദ്ര,  കിരണ്‍ മജൂന്ദര്‍ ഷാ, എംഎ യൂസഫ് അലി,  ക്രിസ് ഗോപാലകൃഷ്ണന്‍, ബി രവി പിള്ള, ആസാദ് മുപ്പന്‍ എന്നിവര്‍  പ്രകീര്‍ത്തിച്ചു.

കേരളത്തിലെ മികച്ച ആരോഗ്യമേഖലയെ ലോകത്തിലെ ഉയര്‍ന്ന നിലവാര സൂചകങ്ങളോട്  താരതമ്യപ്പെടുത്താമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യ സംവിധാനം നവീകരിക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുക, ചികിത്സിച്ചു ഭേദമാക്കുന്നതിനപ്പുറം രോഗപ്രതിരോധത്തിനായി ഊന്നല്‍ നല്‍കുക, ആരോഗ്യ മേഖലയില്‍ വരുംകാല ആവശ്യങ്ങള്‍ക്കനുസൃതമായി ദീര്‍ഘവീക്ഷണത്തോടെയുള്ള കേന്ദ്രങ്ങള്‍ എന്നിവ ഭാവി വില്ലുവിളികളാളെന്നും അവര്‍ വ്യക്തമാക്കി.

ജീനോം എഡിറ്റിംഗ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കാര്‍ഷിക ഉല്‍പാദനക്ഷമതയും വിളവെടുപ്പും വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത കൃഷിയെ ആധുനികവത്കരിക്കുന്നതിനുള്ള സെഷനില്‍ ഉയര്‍ന്നുവന്നു. കന്നുകാലി സമ്പത്തിനെക്കുറിച്ചുള്ള സെഷനില്‍ മേഖലയുടെ വൈവിധ്യവല്‍ക്കരണം, മൂല്യവര്‍ധനവ്, പാല്‍പ്പൊടി ഫാക്ടറികള്‍ സ്ഥാപിക്കല്‍ എന്നിവ ചര്‍ച്ചയായി. 'ഇന്‍ഡസ്ട്രി 4.0'  അടിസ്ഥാനമാക്കി ഭാവി വ്യവസായങ്ങള്‍ രൂപീകരിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് സമ്മേളനം എടുത്തുകാട്ടി. സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമാകും.

ആധുനിക നൈപുണ്യ നവീകരണത്തെക്കുറിച്ചുള്ള സെഷന്‍ ലോകത്തിലെ മികച്ച മാതൃകകള്‍ ഉള്‍ക്കൊള്ളുന്നതിന് ഊന്നല്‍ നല്‍കുന്നതായിരുന്നു. ദക്ഷിണ കൊറിയയിലെ വിദഗ്ധര്‍ വിദ്യാഭ്യാസത്തിലെ ഹൈ ടച്ച് ഹൈ ടെക് (എച്ച്ടിഎച്ച്ടി) എന്ന സമീപനത്തെക്കുറിച്ച് നയപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വ്യക്തിഗത വിദ്യാഭ്യാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും പഠനരീതിയായി നിര്‍മ്മിതബുദ്ധി അവലംബിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.യൂറോപ്പിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും രാജ്യാന്തര തലത്തിലെ മേഖലയിലെ  മികച്ച മാതൃകകളും ചര്‍ച്ച ചെയ്തു. കേരളം ആഗോള നിലവാരത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര സഹകരണത്തിനും തുല്യമായി ഉയര്‍ന്ന അക്കാദമിക് നിലവാരം കൈവരിക്കേണ്ടതുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെക്കുറിച്ചുള്ള സെഷന്‍ ഐടി നയം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെയും ലോകത്തെ മാറ്റങ്ങള്‍ക്കനുസൃതമായി അത് പരിഷ്കരിക്കേണ്ടതിന്‍റെയും ആവശ്യകത അടിവരയിടുന്നു. സമ്മേളനത്തിലെ ഇ-ഗവേണന്‍സിനെക്കുറിച്ചുള്ള സെഷന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതരത്തില്‍ ശാക്തീകരിക്കല്‍, തീരുമാന പിന്തുണാ സംവിധാനങ്ങളും വിശകലനങ്ങളും, നിയമപരവും നയപരവുമായ അളവുകള്‍ എന്നീ മൂന്ന് ആശയ മേഖലകളെ കേന്ദ്രീകരിച്ചതായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തോടുള്ള കേരളത്തിന്‍റെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുകയും സംസ്ഥാനത്തെ മുഴുവനായും ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Photo Gallery