നിഷിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം / February 21, 2022

 സംസ്ഥാനത്ത് ഭിന്നശേഷി പുനരധിവാസ മേഖലയില്‍  അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ നിഷിനെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സാമൂഹിക നീതി - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  സര്‍വ്വകലാശാല പദവിയിലേക്കുയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ തേടിവരുകയാണെന്നും  നിഷില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി അറിയിച്ചു.

ഭിന്നശേഷി പുനരധിവാസ മേഖലയില്‍ ഇന്ത്യയില്‍ തന്നെ അത്യപൂര്‍വ്വമായ ഗവേഷണങ്ങള്‍ നിഷ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഈ മേഖലയിലെ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്ത് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വളരെ ഗൗരവമായി ഈ മേഖലയെ  സമീപിക്കുന്ന സ്ഥാപനത്തില്‍, അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കി ഗവേഷണത്തിനും ശ്രവണ - സംസാര പരിമിതികള്‍ കണ്ടെത്തുന്നതിനുമുള്ള ഏറ്റവും നൂതന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭിന്നശേഷി കുട്ടികളിലെ പരിമിതികള്‍  നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏവര്‍ക്കും പ്രയോജനകരമാണ്.

 ദീര്‍ഘകാലമായി ഈ മേഖലയില്‍ വളരെ ആഴത്തിലുള്ള പഠനങ്ങളാണ് നിഷ് നടത്തിക്കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍, ലഘുലേഖകള്‍, വീഡിയോകള്‍ എന്നിവ പുറത്തിറക്കി പൊതുജന അവബോധം നല്‍കുന്നതിനും നിഷ് മുന്‍കൈ എടുക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന നിഷിനെ മികവിന്‍റെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിഷിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്നും അതിന്‍റെ ഭാഗമായ വിലയിരുത്തലിനാണ് മന്ത്രി എത്തിയതെന്നും നിഷ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം അഞ്ജന ഐഎഎസ് പറഞ്ഞു. നിഷിന് എല്ലാവിധ പിന്തുണയും സഹകരണവും മന്ത്രിയുടെ ഭാഗത്തു നിന്നും നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിഷിലെ വിവിധ വകുപ്പുകളും ലാബുകളും തെറാപ്പി യൂണിറ്റുകളും സന്ദര്‍ശിച്ച മന്ത്രി എല്ലാ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ഫോട്ടോ ക്യാപ്ഷന്‍:

ഫോട്ടോ 1: നിഷ് സന്ദര്‍ശനത്തിനെത്തിയ സാമൂഹിക നീതി - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെ ഏര്‍ലി ഇന്റര്‍വെഷന്‍ വകുപ്പിലെ കുട്ടികള്‍  സ്വീകരിക്കുന്നു. നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം അഞ്ജന ഐഎഎസ് സമീപം.

ഫോട്ടോ 2: നിഷ് സന്ദര്‍ശനത്തിനിടയില്‍ സാമൂഹിക നീതി - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഏര്‍ലി ഇന്റര്‍വെഷന്‍ വകുപ്പിലെ കുട്ടികളും അവരുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു.നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം അഞ്ജന ഐഎഎസ് സമീപം.

Photo Gallery

+
Content
+
Content