കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ദുബായില്‍ എയ്ഞ്ചല്‍ നിക്ഷേപക കൂട്ടായ്മ;

കെഎസ് യുഎം ഡിടിഇസി ധാരണാപത്രം ഉടന്‍
കൊച്ചി / March 1, 2022

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ദുബായിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാന്‍ അവസരം തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സ്റ്റാര്‍ട്ടപ്പുള്‍ക്ക് ദുബായില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ടെക്നോളജി ഒണ്‍ട്രപ്രണര്‍ കാമ്പസുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് ദുബായില്‍ എയ്ഞ്ചല്‍ നിക്ഷേപക കൂട്ടായ്മയ്ക്ക് രൂപം നല്‍കി.


ടെക്നോളജി സംരംഭങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപിക്കാന്‍ മിഡില്‍ ഈസ്റ്റിലെ സംരംഭകരെ പ്രചോദിപ്പിക്കുന്നതിന് സംഘടിപ്പിച്ച 'ഇഗ്നൈറ്റ് 2022' സമ്മേളനത്തിന്‍റെ തുടര്‍ച്ചയാണ് ധാരണാപത്രം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളായ വ്യവസായികളെ ഉള്‍പ്പെടുത്തി എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് നെറ്റ് വര്‍ക്ക്  രൂപീകരിക്കുകയായിരുന്നു ഇഗ്നൈറ്റിന്‍റെ ലക്ഷ്യം. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സംരംഭകരും വ്യവസായികളും ഗവണ്‍മെന്‍റ് പ്രതിനിധികളും  മീറ്റിന്‍റെ ഭാഗമായി.

 
യുഎഇയിലെ വ്യവസായികളുടെ കൂട്ടായ്മ ഇന്‍റര്‍നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന്‍ (ഐപിഎ), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മലയാളി ഇ-കൊമേഴ്സ്  ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ് ഫോമായ മലയാളി ബിസിനസ് ഡോട്ട്കോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇഗ്നൈറ്റ് സംഘടിപ്പിച്ചത്. നോളജ് എക്കോണമിയിലേക്ക് കാലം മാറുമ്പോള്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പടെയുള്ള മികച്ച സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപിക്കാന്‍ ഏറെ അവസരങ്ങളുണ്ടെന്ന്  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡയറക്ടര്‍ പിഎം റിയാസ് പറഞ്ഞു.


എയ്ഞ്ചല്‍ നിക്ഷേപത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസ് മലബാര്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ശൈലന്‍ സഗുണന്‍ നേതൃത്വം നല്‍കി. സംരംഭക യാത്രയിലെ വെല്ലുവിളികളെക്കുറിച്ചും ഈ മേഖലയില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റവും ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ് ദുബായിലെ സംരംഭകരുമായി പങ്കുവെച്ചു. ഐഒടിയിലെ പുതിയ സാധ്യതയെക്കുറിച്ച് ഐ വയര്‍ ചെയര്‍മാന്‍ അഹമ്മദ് ഫസീഹ് അക്തര്‍ വിശദീകരിച്ചു. സ്റ്റാര്‍ട്ടപ്പ് യാത്രയെക്കുറിച്ചാണ് സര്‍വേ സ്പാരോ സ്ഥാപകന്‍ ഷിഹാബ് വിശദീകരിച്ചത്.


കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഫോപ്സ് എന്ന സ്റ്റാര്‍ട്ടപ്പില്‍ ഐ വയര്‍ ഗ്ലോബല്‍ നടത്തുന്ന നിക്ഷേപത്തിന്‍റെ പ്രഖ്യാപനവും നടന്നു. ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, ചാനല്‍ ഐആം ഡോട്കോം, ട്രാന്‍സൈറ്റ് എന്നീ സ്റ്റാര്‍ട്ടപ്പുകളുടെ പിച്ചിംഗും ഇഗ്നൈറ്റില്‍ നടന്നു. ഐപിഎ  ചെയര്‍മാന്‍ വി കെ ഷംസുദീന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളായ നാസിഫ് എന്‍ എം, റസീഖ് എം എസ് തുടങ്ങിയവര്‍ ഇഗ്നൈറ്റിന് നേതൃത്വം നല്‍കി. വിവിധ കമ്പനികളുടെ എക്സ്പോയും ഇഗ്നൈറ്റിനോട് അനുബന്ധിച്ചുണ്ടായിരുന്നു.

ഫോട്ടോ കാപ്ഷന്‍കേരള സ്റ്റാര്‍ട്ടപ്പ് മിഷനും യുഎഇയിലെ വ്യവസായികളുടെ കൂട്ടായ്മ ഇന്‍റര്‍നാഷണല്‍ പ്രോമോട്ടേഴ്‌സ് അസോസിയേഷന്‍റെ (ഐപിഎ) മലയാളി ബിസിനസ് ഡോട്ട്‌കോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള എയ്ഞ്ജൽ നിക്ഷേപക കൂട്ടായ്മയുടെ പ്രഖ്യാപനം  അൽ വഫ ഗ്രൂപ്പ് സ്ഥാപകൻ മുനീർ അൽ വഫ, ഐപിഎ സ്ഥാപകൻ എ കെ ഫൈസൽ, ചെയർമാൻ  വി കെ ഷംസുദ്ദീൻ തുടങ്ങിയവർ ചേർന്ന് നടത്തുന്നു.

Photo Gallery

+
Content