മിടുക്കരായ പതിനായിരം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി / January 16, 2021

സിവില്‍ സര്‍വീസ് പരിശീലനം ജനകീയമാക്കുകയാണ് വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മിടുക്കരായ പതിനായിരം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ ഒരുക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അരികുവത്കരിക്കപ്പെട്ട വലിയൊരു ജനവിഭാഗത്തിന് ആഗ്രഹമുണ്ടെങ്കില്‍ പോലും ഉയര്‍ന്ന പഠനച്ചെലവ് മൂലം ഐഎഎസ് പഠനം സാധ്യമാകുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആദിവാസി-പട്ടികവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള മികച്ച പദ്ധതിയാണ് വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്‍റെ വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ്. 


സിവില്‍ സര്‍വീസ് പരിശീലനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച കര്‍മ്മയോഗി എന്ന ആശയത്തിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഉദ്യമമാണിത്. കേവലം പരിശീലനം മാത്രമല്ല, രാജ്യത്തിന്‍റെ തനത് സംസ്കാരത്തിലൂന്നിയാകണം സിവില്‍ സര്‍വീസ് പ്രവര്‍ത്തിക്കേണ്ടതെന്ന ആശയം കൂടി ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സിവില്‍ സര്‍വീസ് പരിശീലനത്തിന് മുംബൈയിലും ഡല്‍ഹിയിലുമുള്ള സ്ഥാപനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഉയര്‍ന്ന പഠനച്ചെലവുള്ള ഇത്തരം സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമല്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമുള്‍പ്പെടെയുള്ള പഠിക്കാന്‍ മിടുക്കരായ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കാനുള്ള വേദിക് എര്യൂഡൈറ്റ് ഫൗണ്ടേഷന്‍റെ ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്കോളര്‍ഷിപ്പ് പരിപാടിയുടെ സംസ്ഥാനതല ആദ്യ പ്രഖ്യാപനം പ്രമുഖ ചലച്ചിത്രനടി മഞ്ജുവാര്യര്‍ നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഠിക്കാന്‍ മിടുക്കരായ പത്ത് നിര്‍ധന പെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്പ് തുകയാണ് മഞ്ജുവാര്യര്‍ സ്പോണ്‍സര്‍ ചെയ്തത്.


വേദിക് എര്യൂഡൈറ്റ് ഫൗണ്ടേഷന്‍റെ ചെയര്‍മാനും കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറിയും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന ഡോ. ജെ അലക്സാണ്ടര്‍ ഐഎഎസ്, പരിപാടിയുടെ അധ്യക്ഷനായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്, വേദിക് എര്യൂഡൈറ്റ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് ശങ്കര്‍ ബിദരി ഐപിഎസ്, മുന്‍ അഡി. ചീഫ് സെക്രട്ടറിയും ഫൗണ്ടേഷന്‍റെ രക്ഷാധികാരിയുമായ ഡോ. സി വി ആനന്ദബോസ് ഐഎഎസ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ.മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ നേരിട്ടും ഓണ്‍ൈലാനായും പരിപാടിയില്‍ സംബന്ധിച്ചു. എംജി, കാലിക്കറ്റ് സര്‍വകലാശാലകളുടെ മുന്‍ വിസിയും എര്യുഡൈറ്റ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ  ഡോ. ബാബു സെബാസ്റ്റ്യന്‍ സ്വാഗതവും വേദിക് സെക്രട്ടറി ജെയിംസ് മറ്റം നന്ദിയും അറിയിച്ചു.


സംസ്ഥാനത്തെ അഞ്ച് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം ഒപ്പു വയ്ക്കലും ചടങ്ങിനോടനുബന്ധിച്ച് നടന്നു.


സംസ്ഥാനത്തെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം നിര്‍ധന വിദ്യാര്‍ത്ഥികള ഈ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കുന്നുണ്ട്. കേവലം സിവില്‍ സര്‍വീസ് പരിശീലനം മാത്രമല്ല, ഏത് മത്സരപ്പരീക്ഷകളിലും തെരഞ്ഞെടുക്കുന്ന കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ് പദ്ധതിക്കുള്ളത്. 


ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നരായ വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. മുഹമ്മദ് ബഷീര്‍, ഡോ. ജെ അലക്സാണ്ടര്‍ ഐഎഎസ്, ശങ്കര്‍ ബിദരി ഐപിഎസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍.


  സിവില്‍ സര്‍വീസ് പരിശീലന രംഗത്തെ പ്രഗത്ഭരായ ഡോ. ഓ.പി.മിനോച്ച, ഡോ. സി .വി . ആനന്ദ ബോസ് ഐ.എ.എസ് , കേണല്‍ ഡി.എസ്. ചീമ,  പ്രൊഫ. എന്‍.കെ.ഗോയല്‍, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവേക് അത്രെ, മുന്‍ യുജിസി സെക്രട്ടറി നിലോഫര്‍ എ കസ്മി, ലോകസഞ്ചാരിയും സഫാരി ചാനല്‍ മേധാവിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവരുള്‍പ്പെടുന്നതാണ് പരിശീലക നിര.

Photo Caption: Vedhik_Governor Pic 1: Hon Kerala Governor Shri Arif Mohammad Khan inaugurating One School One IAS initiative of Vedhik Erudite Foundation at a programme held at Grand Hyatt Kochi Bolgatty on 16 Jan 2021.

Vedhik_Manju Pic 2: Popular Film Actor Ms Manju Warrier announcing the first set of sponsorships for the Vedhik Erudite Foundation's One School One IAS programme which was inaugurated at Grand Hyatt Kochi Bolgatty on 16 January 2021.

Photo Gallery

+
Content
+
Content