കേരള ഇന്നോവേഷന്‍ വീക്കിന് സമാപനം; പങ്കെടുത്തത് 10,000 ലധികം പേര്‍

KSUM
Kochi / May 28, 2022

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍- മേക്കര്‍- ടെക്നോളജി മേളയായ കേരള ഇന്നോവേഷന്‍ വീക്ക് സമാപിച്ചു. നൂതനസാങ്കേതികവിദ്യ, പുതിയ ആശയങ്ങള്‍, ഡിസൈന്‍ മേഖലകളില്‍ യുവതലമുറയ്ക്ക് പുതിയ ദിശാബോധം നല്‍കിയാണ് ഇന്നോവേഷന്‍ വീക്ക് സമാപിക്കുന്നത്.
മെയ് 20 ന്  സൈക്കിള്‍ റാലിയോടെയാണ് കളമശ്ശേരി ടെക്നോളജി ഇന്നോവേഷന്‍ സോണില്‍ നടന്ന ഇന്നോവേഷന്‍ വീക്കിന് തുടക്കമായത്. മേക്കത്തോണ്‍, സൗജന്യ റോബോട്ടിക് പരിശീലനകളരി, ക്രിയേറ്റേഴ്സ് സമ്മിറ്റ്, ഡിസൈന്‍-ത്രിഡി- മേക്കര്‍ ഉത്പന്നങ്ങള്‍, ഫാഷന്‍ ഷോ, സംഗീത നിശ, ഫുഡ് ഫെസ്റ്റ്, ഫ്ളീ ബസാര്‍, ആര്‍ട്ട് വര്‍ക്ക്ഷോപ്പ്, ഫാബ് ലാബ് സന്ദര്‍ശിക്കാനുള്ള അവസരം  എന്നിവയും പ്രധാന ആകര്‍ഷണങ്ങളായിരുന്നു. 
സ്ത്രീകളെ സാങ്കേതിക തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി വൈ ഹാക്ക് ഇനോവേറ്റ് ഹെര്‍ പാനല്‍ ചര്‍ച്ച സമകാലീന തൊഴില്‍ സഹാചര്യത്തിലെ ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇ വൈയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. വനിത സംരംഭകര്‍ക്കായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള ഇന്‍വസ്റ്റര്‍ കഫെയും നടത്തി.
ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യ സാധ്യതയുള്ള ഉത്പന്നങ്ങള്‍ വിപണിയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയായ റിങ്കിന്‍റെ സ്റ്റാളും ആകര്‍ഷണങ്ങളിലൊന്നായിരുന്നു. കേരളത്തിലെ സംരംഭങ്ങള്‍ക്ക് യു കെ, കാനഡ എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിനു വേണ്ടി നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും സംഘടിപ്പിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയദാതാക്കളുള്‍പ്പെടെ 10,000 ല്‍പരം പേരാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുത്തത്. നൂതനാശയദാതാക്കള്‍, 40 ലധികം പ്രഭാഷകര്‍, 30 ഓളം പങ്കാളികള്‍, 25 ല്‍പരം നൂതനാശയ സമൂഹങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരസ്പര സഹകരണത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്യുഎം ഈ പരിപാടി അവതരിപ്പിച്ചത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ കൊച്ചിയിലെ ഗ്ലോബല്‍ ഷേപ്പേഴ്സിന്‍റെ സഹകരണവും ഈ ഉദ്യമത്തിനുണ്ടായിരുന്നു. കേരളത്തിലെ സാമ്പത്തിക രംഗത്തെ നൂതനത്വം നയിക്കുന്ന ഒന്നാക്കി മാറ്റാനുളള പരിശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.

Photo Gallery

+
Content
+
Content