ദേശീയ ദാരുശില്‍പകലാ ക്യാമ്പ് സമാപിച്ചു, സൃഷ്ടികള്‍ ദേശീയ പ്രദര്‍ശനപര്യടനം നടത്തും

Kerala Lalithakala Akademi
Kannur / May 30, 2022

കണ്ണൂര്‍: കേരള ലളിതകലാ അക്കാദമി ശ്രീകണ്ഠാപുരം കെജിഎസ് കലാഗ്രാമത്തില്‍ നടത്തിയ ദാരുശില്‍പകലാ ക്യാമ്പിന് സമാപനമായി. വിഖ്യാത ആര്‍ട്ടിസ്റ്റുകള്‍ ക്യാമ്പില്‍ നടത്തിയ കലാസൃഷ്ടികള്‍ രാജ്യവ്യാപക പ്രദര്‍ശനപര്യടനം നടത്താനാണ് അക്കാദമി തീരുമാനം.

പരമ്പരാഗത ശില്‍പികളും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളും ഒത്തു ചേര്‍ന്നു കൊണ്ട് പരസ്പരം വിജ്ഞാന ക്രയവിക്രയം നടത്തിയ 11 ദിവസം നീണ്ടു നിന്ന ഈ ക്യാമ്പ് രാജ്യത്തെ സമകാലീന കലാ ചരിത്രത്തില്‍ നാഴികക്കല്ലാകും. പരമ്പരാഗത അറിവുകള്‍ സ്വന്തം കലാസൃഷ്ടിയില്‍ വരുത്തുന്ന മാറ്റം നേരിട്ടറിയാനും ശില്‍പകലയിലെ പ്രൊഫഷണല്‍ സമീപനം മനസിലാക്കാനും ഇരുകൂട്ടര്‍ക്കും സാധിച്ചുവെന്നത് ക്യാമ്പിന്‍റ വിജയമായി കണക്കാക്കപ്പെടുന്നു.

'റിസര്‍ജന്‍സ് 22' എന്നു പേരിട്ടിരുന്ന ഈ ക്യാമ്പില്‍ 20 കലാസൃഷ്ടികളാണ് ഉണ്ടായത്. ഈ സൃഷ്ടികള്‍ ലളിതകലാ അക്കാദമിയുടെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഗാലറികളില്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് ഇവ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശന പര്യടനത്തിനായി കൊണ്ടു പോകുമെന്നും അക്കാദമി വൃത്തങ്ങള്‍ അറിയിച്ചു.

കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിന് പാകമാകാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്ന് ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പറഞ്ഞു. ദേശീയപര്യടനത്തില്‍ ആദ്യ പ്രദര്‍ശനം ബംഗളുരുവിലായിരിക്കും.

ആധുനികവും മതേതരവുമായ ആത്മാംശങ്ങളെ ഉള്‍ക്കൊണ്ട് കേരളത്തിലെ ദാരുശില്‍പകലാ പാരമ്പര്യത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഈ ക്യാമ്പിനായി എന്നദ്ദേഹം പറഞ്ഞു. പരമ്പരാഗത തൊഴിലാളികളും കലാകാരന്മാരും ഒത്തുചേര്‍ന്നപ്പോള്‍ ദാരുശില്‍പകലയ്ക്ക് പുതിയ മാനം കൈവന്നു. വാമൊഴി നുറുങ്ങുകളും ചെറുവിദ്യകളുമെല്ലാം കലാസൃഷ്ടിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ദാരുശില്‍പത്തില്‍ കല്ല്, നൂല് എന്നിവ ഉപയോഗിച്ചുള്ള മാറ്റങ്ങള്‍ ഇതിന്‍റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത ആര്‍ട്ടിസ്റ്റ് റിയാസ് കോമു ക്യാമ്പിന്‍റെ മെന്‍റര്‍ ആയിരുന്നു.  അദ്ദേഹത്തിന്‍റെ 'മൈ ഗ്രേവ്; മെഷറിംഗ് ദി ഡെപ്ത്' എന്ന പ്രഭാഷണം ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പുതിയ ദിശാബോധം നല്‍കി. എന്‍ എന്‍ റിംസണ്‍, വത്സന്‍ കൂര്‍മ്മ കൊല്ലേരി, പ്രീതി ജോസഫ്, തുടങ്ങിയ കലാകാരന്മാരും വിവിധ അവതരണങ്ങള്‍ നടത്തി. ഇതിനു പുറമേ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കൊപ്പം സൃഷ്ടികളില്‍ പങ്കാളികളാകുകയും ചെയ്തു.

കേരളത്തിലെ ദാരുശില്‍പകലാ മേഖലയ്ക്ക് അടിയന്തരമായി കൈത്താങ്ങ് ആവശ്യമാണെന്ന് ഒറീസയില്‍ നിന്നെത്തിയ ശില്‍പി സുശാന്ത കുമാര്‍ മഹാറാണ ചൂണ്ടിക്കാട്ടി. ലളിതകലാ അക്കാദമി ക്യാമ്പ് ഈ ദിശയിലെ ശുഭസൂചകമായ കാല്‍വയ്പ്പാണ്. കലാകാരന്മാരുമായുള്ള നേരിട്ടുള്ള ആശയവിനിമയം വിവിധ സൃഷ്ടിരീതികളുടെ സമന്വയം കൂടിയായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുത്തന്‍ അറിവുകളിലേക്ക് കണ്ണുതുറപ്പിക്കുന്നതായിരുന്നു ഈ ക്യാമ്പെന്ന് ദൃശ്യകലാകാരി മെര്‍ലിന്‍ മോളി പറഞ്ഞു. മരം ഒരിക്കലും തന്‍റെ മാധ്യമമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരത്തില്‍ സൃഷ്ടികള്‍ നടത്താനുള്ള ആത്മവിശ്വാസം ലഭിച്ചു. യുവാക്കളായ കലാകാരന്മാരെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും സാധിച്ചെന്ന് അവര്‍ പറഞ്ഞു.

സ്വന്തം പുറം തോട് പൊളിക്കാനുള്ള അവസരമാണ് കലാകാരന്മാര്‍ക്ക് ഇതിലൂടെ കൈവന്നതെന്ന് മുരളി ചീരോത്ത് പറഞ്ഞു. ആശയങ്ങളെ സൃഷ്ടികളാക്കുമ്പോള്‍ ഏകമാധ്യമമെന്ന പരിമിതി ആര്‍ട്ടിസ്റ്റുകള്‍ക്ക് മറികടക്കാന്‍ ക്യാമ്പിലൂടെ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുതലമുറയ്ക്കായി കേരളത്തിന്‍റെ ദാരുശില്‍പകലാ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ പറഞ്ഞു. സമൂഹത്തെക്കൂടി കലയോട് ചേര്‍ത്തു നിറുത്താനാണ് ഇത്തരം ഉദ്യമങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.മെയ് 20 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ക്യാമ്പിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചത്. 

ജിജി സക്കറിയ, പ്രദീപ് കമ്പത്താളി, രാജശേഖരന്‍ നായര്‍, ആന്‍റ്റോ ജോര്‍ജ്, ബാലഗോപാല്‍ ബെത്തൂര്‍, ഹെലേന മെറിന്‍ ജോസഫ്,  മധു കെ വി, മെര്‍ലിന്‍ മോളി, പ്രേംകുമാര്‍ പി എല്‍,  രാജേഷ് റാം രാജേഷ് തച്ചന്‍, രഞ്ജു മോള്‍ സി, രജനി എസ് , സുനില്‍ കുട്ടന്‍, സൂരജ് വി എസ്, സുനില്‍ തിരുവാണിയൂര്‍, സുശാന്ത് കുമാര്‍ മഹാറാണ, ടെന്‍സിങ് ജോസഫ്,  വൈശാഖ് കെ എന്നീ കലാകാരന്മാരാണ് പങ്കെടുത്തത്. ഇതു കൂടാതെ കലാവിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവരും ചെറുപ്പക്കാരുമായ കലാകാരന്മാര്‍, നിരൂപകര്‍, അധ്യാപകര്‍, നിരീക്ഷകര്‍, കലാപ്രേമികള്‍ തുടങ്ങിയവരും ക്യാമ്പില്‍ പങ്കെടുത്തു.
 

Photo Gallery

+
Content
+
Content