തലസ്ഥാന നഗരിക്ക് തനത് മുഖച്ഛായ കെട്ടിപ്പടുക്കണമെന്ന് ടിഎംഎ നയരേഖ

'ട്രിവാന്‍ഡ്രം വിഷന്‍ 2025' ഗവര്‍ണര്‍ പ്രകാശനം ചെയ്തു
Trivandrum / June 11, 2022

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സുസ്ഥിരവികസനം നടപ്പാക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന നയരേഖ ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) പുറത്തിറക്കി. ഹോട്ടല്‍ ഒ ബൈ താമരയില്‍ നടന്ന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ 'ട്രിമ 2022' ന്‍റെ ഉദ്ഘാടനത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 'ട്രിവാന്‍ഡ്രം വിഷന്‍ 2025 - എ സ്നാപ്ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡെവലപ്മെന്‍റ് ജേര്‍ണി' പ്രകാശനം ചെയ്തു.

തിരുവനന്തപുരത്തിന്‍റെ ഭാവി വികസനത്തിന് കെപിഎംജി തയ്യാറാക്കിയ വീക്ഷണരേഖയാണ് ഈ പുസ്തകം. വിവിധ നഗരങ്ങളുടെ വികസന ദൗത്യങ്ങളേയും ഫോറങ്ങളേയും കോര്‍ത്തിണക്കിയ ആറായിരത്തോളം പേരുടെ പരിശ്രമഫലമാണിത്. 

മികച്ച 25 പദ്ധതികള്‍ക്കുള്ള ജി വിജയരാഘവന്‍റെ 'നമ്മുടെ തിരുവനന്തപുരം സര്‍വേയുമായി' സഹകരിച്ചുള്ള പുസ്തകം  നടപ്പിലാക്കാവുന്ന പദ്ധതികളുടെ രൂപരേഖ, കണക്കാക്കാവുന്ന വളര്‍ച്ച, നഗരത്തിന്‍റെ ഭാവി വികസനത്തിന് പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപം ഉള്‍പ്പെടെയുള്ളവ പരാമര്‍ശിക്കുന്നുണ്ട്. ബെംഗളൂരു, ന്യുയോര്‍ക്ക്, ലണ്ടന്‍, ആംസ്റ്റര്‍ഡാം  നഗരങ്ങള്‍ തനത് മുഖച്ഛായ സൃഷ്ടിച്ച ഉദാഹരണങ്ങളും അതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും അറുപത്തിനാല് പേജുള്ള നയരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 

സമ്പദ്വ്യവസ്ഥയേയും ജനസംഖ്യയേയും കണക്കിലെടുത്താല്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍കൊണ്ട് തിരുവനന്തപുരം പലമടങ്ങ് വളര്‍ന്നതായി ടിഎംഎ പ്രസിഡന്‍റ് രാജേഷ് ഝാ പറഞ്ഞു. ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുളള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രശസ്തമായി മാറി. മാനവ മൂലധനത്തിലും  ഐടി പാര്‍ക്ക് ശൃംഖലയിലും ഉന്നത അടിസ്ഥാന സൗകര്യങ്ങളിലും  മുന്നിലാണ്. എന്നിരുന്നാലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തോടൊപ്പം മികവുറ്റ മനുഷ്യവിഭവത്താലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാലും സുസ്ഥിരവികസിത നഗരമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് പ്രായോഗിക വികസന നയം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   


തലസ്ഥാന നഗരിയുടെ സുസ്ഥിര വികസനത്തിന് വിവിധ മേഖലകളിലായി വ്യത്യസ്ത പങ്കാളികളുടെ സഹകരണം ആവശ്യമാണ്. നഗരത്തിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സുസ്ഥിര വികസനം, മാനവ മൂലധനം, അതിരുകളില്ലാത്ത വിനിമയബന്ധം, ലോകോത്തര അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ സുപ്രധാനമാണ്. ലക്ഷ്യം, നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, ആഗ്രഹിക്കുന്ന പദ്ധതികളുടെ പട്ടിക,  വിവിധ മേഖലകളിലെ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിശകലനവുമുണ്ട്.

തിരുവനന്തപുരത്തെ ശരാശരി പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം നിലവിലുള്ളതിനേക്കാള്‍ നാലുമടങ്ങ് കൂടുതലാണ്. തൊഴിലില്ലായ്മ നിരക്ക് 95 ശതമാനം കുറവാണ്. നാണ്യപ്പെരുപ്പം ദേശീയ നിരക്കിനേക്കാള്‍ കുറവാണ്. മലിനീകരണ തോത് നിലവിലുള്ളതിന്‍റെ 95 ശതമാനം കുറഞ്ഞിട്ടുണ്ട്. പ്രദേശം പട്ടിണിരഹിതവുമാണ്. ഇത്തരം സവിശേഷതകളുള്ള തലസ്ഥാനത്തെ അഭിവൃദ്ധിയുള്ള നഗരമാക്കി മാറ്റേണ്ടതുണ്ടെന്നും  നയരേഖ വ്യക്തമാക്കുന്നു. 

ലോകത്തിലെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടം പിടിക്കുന്നതിനും ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ അഞ്ചുമടങ്ങ് വര്‍ദ്ധനവും വരുമാനത്തില്‍ പത്തുമടങ്ങ് വര്‍ദ്ധനവും നേടുന്നതിന് നഗരത്തിന് സംയോജിത ടൂറിസം വികസനം ആവശ്യമാണ്. പഴയ കൊട്ടാരങ്ങളേയും മറ്റു സ്മാരകങ്ങളേയും പുനരുദ്ധരിച്ച് പൈതൃക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകണം. ബാലരാമപുരം കൈത്തറിയും കൈത്തറി ഗ്രാമവും വിനോദസഞ്ചാര കേന്ദ്രമായി ബ്രാന്‍ഡ് ചെയ്യണം.  കോര്‍പ്പറേറ്റ്  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കണം. കോവളത്തിന് ആഗോള ബീച്ച് ഡെസ്റ്റിനേഷന്‍ സ്ഥാനമുറപ്പിക്കണം.   ദുബായില്‍ മെട്രോയിലൂടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചിരിക്കുന്നതുപോലെ മികച്ച യാത്രാസൗകര്യം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉറപ്പാക്കണം. വാര്‍ഷിക ടൂറിസം അടിസ്ഥാനസൗകര്യ ഫണ്ട് നടപ്പിലാക്കണമെന്നും നയരേഖ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

2025 ഓടെ ഐവി ലീഗ് സര്‍വ്വകലാശാലയുടെ ഒരു സാറ്റ്ലൈറ്റ് ക്യാംപസ് എങ്കിലും രൂപീകരിക്കണമെന്ന്  നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാലയിലൂടേയും  അഡ്വാന്‍സ്ഡ് സ്കില്‍ ഡവലപ്മെന്‍റ് സെന്‍ററിലൂടേയും നൈപുണ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും അന്‍പതു ശതമാനമെങ്കിലും സൗരോര്‍ജം പ്രോത്സാഹിപ്പിക്കണം. പ്രതിശീര്‍ഷ മാലിന്യത്തിന്‍റെ അളവ്  75 ശതമാനവും കുറയ്ക്കണം. 

തിരുവനന്തപുരം കേന്ദ്രമാക്കിയ ഐപിഎല്‍ ഫ്രാഞ്ചൈസി രൂപീകരണം, കേരള ബ്ലാസ്റ്റേഴ്സിനായി വിപുലീകൃത ഹബ്ബ്  സൃഷ്ടിക്കല്‍, ഹൈക്കോടതി ബഞ്ച് സ്ഥാപിക്കല്‍, വ്യാവസായിക ഉല്‍പ്പാദന യൂണിറ്റുകളുമായി സുഗമായി ബന്ധിപ്പിക്കാവുന്ന വ്യാവസായിക ഇടനാഴി വികസിപ്പിക്കല്‍,  വ്യോമ- റെയില്‍- റോഡ്-ജല ഗതാഗതമേഖലയില്‍  ദക്ഷിണേന്ത്യയിലെ സുപ്രധാന മൊബിലിറ്റി ഹബ്ബാകാന്‍ നഗരത്തിലേക്ക് തടസ്സരഹിത വിനിമയബന്ധം ഉറപ്പാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും നയരേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്.

വിവിധ മേഖലകളിലൂന്നിയ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുകയും വിശദമാക്കുകയും ചെയ്യുന്ന നയരേഖ സര്‍ക്കാര്‍, വ്യവസായ മേഖല, മാനേജ്മെന്‍റ് ഫോറങ്ങള്‍, പ്രാദേശിക ഭരണ സംഘങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പങ്കാളികളെ ഉള്‍ക്കൊള്ളിച്ച് വികസന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതിയുടെ  ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. 


 

Photo Gallery

+
Content