തലസ്ഥാന നഗരത്തിന്‍റെ വികസന രേഖയൊരുക്കി ട്രിമ 2022 ന് സമാപനം

മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആര്‍. അനിലും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു
Trivandrum / June 11, 2022

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തിന് സുസ്ഥിരവും സമഗ്രവുമായ വികസനരേഖയൊരുക്കി ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിച്ച വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ 'ട്രിമ 2022' ന് സമാപനം. വിഷന്‍ ട്രിവാന്‍ഡ്രം 2025 എന്ന പ്രമേയത്തില്‍ നടന്ന ദ്വിദിന പരിപാടിയില്‍ വ്യവസായ, മാനേജ്മെന്‍റ് തലവന്മാരും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.
സമാപന സമ്മേളനത്തില്‍ പങ്കെടുത്ത പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലും തലസ്ഥാന നഗരത്തെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടേയും വിനിമയ ബന്ധങ്ങളുടെയും നഗരമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്ത ടിഎംഎയെ അഭിനന്ദിച്ചു.
കണ്‍വെന്‍ഷനില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങളും ആശയങ്ങളും ടിഎംഎയുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തിന്‍റെ 25 വര്‍ഷത്തെ സമഗ്ര വളര്‍ച്ച മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെയും കേരളത്തിലെ എല്ലാ പ്രദേശങ്ങളിലെയും വികസനം ഇതില്‍ ഉള്‍പ്പെടും. തലസ്ഥാന നഗരത്തിലെ മാലിന്യ സംസ്കരണം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് തിരുവനന്തപുരം മുന്‍ മേയര്‍ കൂടിയായ മന്ത്രി പറഞ്ഞു.
തലസ്ഥാനത്തിന്‍റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊപ്പം തന്നെ സ്വകാര്യ മേഖലയ്ക്കും വലിയ സംഭാവന വഹിക്കാനാകുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം, വ്യവസായ മേഖലയുടെ വികസനത്തില്‍ വലിയ സാധ്യതകളാണ് തലസ്ഥാന നഗരത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രോണിക് മാനുഫാക്ചറിംഗിനും ഡാറ്റാ മാനേജ്മെന്‍റിനും കേരളത്തില്‍ ബിസിനസ് വികസനത്തിന് വലിയ സാധ്യതയുണ്ടെന്ന് ടിഎംഎയുടെ മാനേജ്മെന്‍റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് പറഞ്ഞു. ഇലക്ട്രോണിക് മാനുഫാക്ചറിംഗിലും ഡാറ്റ റിസപ്ഷനിലും ഡാറ്റ മൂല്യനിര്‍ണയത്തിലും പ്രധാന ഘടകം നൂതനത്വമാണ്. വളര്‍ന്നുവരുന്ന ആഗോള വിപണിയിലും ബിസിനസ് കെട്ടിപ്പടുക്കുന്നതിനും യുവ സംരംഭകര്‍ക്ക് ഡാറ്റ അസംസ്കൃത വസ്തുവായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിഎംഎ പോലുള്ള പ്രാദേശിക മാനേജ്മെന്‍റ് അസോസിയേഷനുകള്‍ രാജ്യത്തുടനീളമുള്ള വികസനത്തിന്‍റെ ചാലകശക്തിയാണെന്ന് ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) പ്രസിഡന്‍റ് സി.കെ. രംഗനാഥന്‍ ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു. തലസ്ഥാന നഗരത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ക്കായി സുസ്ഥിര വികസനം, മനുഷ്യ വിഭവം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ശരിയായ വിഷയങ്ങളാണ് ട്രിമ 2022 തിരഞ്ഞെടുത്തതെന്നും രംഗനാഥന്‍ പറഞ്ഞു. ട്രിമ 2022 കോ-ചെയര്‍മാന്‍ സി.പത്മകുമാര്‍, ട്രിമ 2022 പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വിംഗ് കമാന്‍റര്‍ രാഗശ്രീ ഡി.നായര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ടിഎംഎ അംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി കെപിഎംജി സമാഹരിച്ച 'ട്രിവാന്‍ഡ്രം വിഷന്‍ 2025-എ സ്നാപ്ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡവലപ്മെന്‍റ് ജേര്‍ണി' എന്ന പുസ്തകം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് എന്നിവര്‍ക്ക് ടിഎംഎ ഭാരവാഹികള്‍ കൈമാറി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ രണ്ട് ദിവസങ്ങളിലായി സുസ്ഥിര വികസനം, മാനവ മൂലധനം, അതിരുകളില്ലാത്ത വിനിമയ ബന്ധങ്ങളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും, നവീകരണവും സംരംഭകത്വവും എന്നീ വിഷയങ്ങളില്‍ നാല് സാങ്കേതിക സെമിനാറുകള്‍ നടന്നു. പ്രമേയാധിഷ്ഠിത സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും കേരളത്തില്‍ അവലംബിക്കാവുന്ന മികച്ച മാതൃകകളും പങ്കുവച്ചു. അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുരസ്കാര വിതരണം എന്നിവയ്ക്കും ട്രിമ 2022 വേദിയായി. വ്യവസായപ്രമുഖര്‍, നയകര്‍ത്താക്കള്‍, പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

Photo Gallery

+
Content