അധ്യാപകര്‍ നൈപുണ്യം പരിപോഷിപ്പിച്ച് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വിദഗ്ധര്‍

അധ്യാപകര്‍ നൈപുണ്യം പരിപോഷിപ്പിച്ച് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വിദഗ്ധര്‍
Trivandrum / June 11, 2022

തിരുവനന്തപുരം:  പുതിയ കാലത്ത് അധ്യാപകരുടെ ഉത്തരവാദിത്വങ്ങള്‍ മാറുകയാണെന്നും വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം അവരുടെ നൈപുണ്യത്തിലും തൊഴില്‍ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദഗ്ധര്‍. ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) 'ട്രിമ 2022' ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ 'മാനവിക മൂലധനം' എന്ന വിഷയത്തില്‍ നടന്ന സാങ്കേതിക സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ഒരു ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ അധ്യാപകര്‍ ആശയവിനിമയത്തിലും സാങ്കേതിക വൈദഗ്ധ്യത്തിലും വളര്‍ച്ച കൈവരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
    അധ്യാപകര്‍ക്കുള്ള പരിശീലനം അപര്യാപ്തമാണെന്നും അവര്‍ പഠിച്ച കാര്യങ്ങള്‍ മാത്രം ഇന്ന് പ്രസക്തമാവില്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും സെമിനാറിന്‍റെ മോഡറേറ്ററായിരുന്ന മുന്‍ ഇന്ത്യന്‍ അംബാസഡറും ഐഎഇഎയുടെ ഇന്ത്യ ഗവര്‍ണറുമായ ഡോ.ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദേശ വിദ്യാര്‍ഥികളെ സംസ്ഥാന തലസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് മതിയായ പരിശീലനം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്ന് സൂചിപ്പിച്ച ടി.പി. ശ്രീനിവാസന്‍ സര്‍വകലാശാലകളുടെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് സ്ഥാപനങ്ങളെ മോചിപ്പിക്കണമെന്നും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി അന്താരാഷ്ട്ര ആശയവിനിമയം നടത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മുന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി.
    വ്യക്തിയുടെയും സ്ഥാപനത്തിന്‍റെയും നിലവാരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന അറിവുകള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ഇന്ത്യന്‍ നേവി മുന്‍ വൈസ് അഡ്മിറലും എല്‍ ആന്‍റ് ടി ഷിപ്പ് ബില്‍ഡിംഗ് ലിമിറ്റഡിന്‍റെ മുന്‍ സിഇഒയും എംഡിയുമായ ബി. കണ്ണന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തി മനുഷ്യ മൂലധനമാണ്. മികച്ച ഫലത്തിനായി കഴിവുകളും അറിവും അനുഭവപരിചയവും ശരിയായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം വൈദഗ്ധ്യവും അറിവും മനോഭാവവും പകര്‍ന്നു നല്‍കുകയാണ് അധ്യാപകരുടെ പങ്കെന്ന് സ്കില്‍ ഫാവ്സ് ഡയറക്ടര്‍ (പ്രൊഡക്ട്സ്, റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്) ഡോ ടി.പി. സേതുമാധവന്‍ പറഞ്ഞു. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്. ഉചിതമായ നൈപുണ്യ ഇടപെടലുകളിലൂടെ തൊഴിലവസരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ മികച്ച അന്തരീക്ഷവും ഭൗതികസൗകര്യങ്ങളും ഒരുക്കാത്തതാണ് ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നതിന് കാരണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
    വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യത അവരുടെ അക്കാദമികവും സാങ്കേതികവുമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു എന്നത് ഒരു വസ്തുതയാണെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. മാനേജ്മെന്‍റ് കഴിവുകള്‍ വികസിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഡി.സി.എസ്.എം.എ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഡോ.ജയശങ്കര്‍ പ്രസാദ് പറഞ്ഞു.
    ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്നാണ് നഗരാസൂത്രണമെന്ന് 'സുസ്ഥിര വികസനം' എന്ന വിഷയത്തില്‍ ആദ്യദിവസം നടന്ന സെമിനാറില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. തിരക്ക് കുറയ്ക്കാന്‍ ഗതാഗത പദ്ധതിക്കൊപ്പം നഗരാസൂത്രണ പദ്ധതിയും സംയോജിപ്പിക്കണം. കാര്‍ബണ്‍ ന്യൂട്രാലിറ്റി ഒരു പ്രധാന വിഷയമാണെന്നും കാര്‍ബണ്‍ പ്രസാരണത്തില്‍ നിന്ന് ഹൈഡ്രജനിലേക്കുള്ള മാറ്റം സംസ്ഥാനത്ത് വരാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    സമൂഹവുമായി ബന്ധപ്പെടുന്ന സിഎസ്ആര്‍ വിഭാഗം ഏതൊരു സ്ഥാപനത്തിന്‍റെയും സുപ്രധാന ഘടകമാണെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഎസ്ആര്‍ മേധാവി അനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു. സുസ്ഥിര വികസനത്തില്‍ പരിസ്ഥിതി, സമൂഹം, സമ്പദ്വ്യവസ്ഥ എന്നീ പ്രധാന ഘടകങ്ങളുണ്ട്. സമൂഹത്തിന്‍റെ കണ്ണില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നത് ഒരു പദ്ധതിയെ കൂടുതല്‍ സുസ്ഥിരമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    പ്രാദേശിക സാമ്പത്തിക വികസനത്തിനായി ഓരോ ജില്ലയിലും ഒരു പ്രത്യേക ഉല്‍പ്പന്നം തിരിച്ചറിയുകയും അത് തങ്ങളുടെ പ്രദേശങ്ങളില്‍ നിക്ഷേപം നടത്താന്‍ പ്രവാസികളെ ക്ഷണിക്കുകയും ചെയ്ത് സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ വളര്‍ത്തണമെന്ന് എംഎസ്എംഇ മന്ത്രാലയത്തിലെ എക്സ്റ്റേണലി എയ്ഡഡ് മിഷന്‍സ് ചീഫ് ഡോ. വിനീത ഹരിഹരന്‍ പറഞ്ഞു. സംസ്ഥാന തലസ്ഥാനത്ത് വിതരണം ചെയ്യുന്നതിനായി എല്‍സിഎന്‍ജി (ലിക്വിഡ് ടു കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) കൊച്ചിയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് കൊണ്ടുപോകുന്ന പദ്ധതി ഉള്‍പ്പെടെ 13 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തങ്ങളുടെ സ്ഥാപനം കേരളത്തിനായി ചെയ്തുവരികയാണെന്ന് എജി ആന്‍റ് പി പ്രഥം വൈസ് പ്രസിഡന്‍റും റീജിയണല്‍ ഹെഡുമായ രഞ്ജിത്ത് രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി.വിജയരാഘവന്‍ മോഡറേറ്ററായിരുന്നു.
 

Photo Gallery

+
Content