ട്രിമ 2022: തലസ്ഥാന നഗരിയിലെ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണമെന്ന് വിദഗ്ധര്‍

നൂതന സംരംഭങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ പിന്തുണ വേണം
Trivandrum / June 12, 2022

തിരുവനന്തപുരം : സാമ്പത്തികം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, ടെക്നോളജി മേഖലകളിലെ ഹബ്ബാക്കി തലസ്ഥാന നഗരിയെ വാര്‍ത്തെടുക്കുന്നതിന് കണക്റ്റിവിറ്റിയും ലോകോത്തര നിലവാരത്തിലുള്ള സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണമെന്ന് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ വാര്‍ഷിക കണ്‍വെന്‍ഷനായ 'ട്രിമ 2022' ല്‍  വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാനാധിഷ്ഠിത സംരംഭങ്ങള്‍ക്ക് അനന്തസാധ്യതയുള്ള തിരുവനന്തപുരത്ത്  നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍  അടിസ്ഥാനസൗകര്യം ഏറ്റവും അനിവാര്യമാണെന്നും ബിസിനസ് പ്രമുഖര്‍, ആസൂത്രകര്‍, ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ള  വിദഗ്ധര്‍ പങ്കെടുത്ത ടെക്നിക്കല്‍ സെഷന്‍ വ്യക്തമാക്കി.

ശുദ്ധ വായുവും ജലവും പോലെ എല്ലാവര്‍ക്കും പ്രീയപ്പെട്ടവയ്ക്ക് കോട്ടംതട്ടാതെ തലസ്ഥാന നഗരിയുടെ വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുക വലിയ വെല്ലുവിളിയാണെന്ന് 'അതിരുകളില്ലാത്ത വിനിമയബന്ധവും ലോകോത്തര അടിസ്ഥാന സൗകര്യവും' എന്ന വിഷയത്തിലെ ടെക്നിക്കല്‍ സെഷനില്‍ മോഡറേറ്ററായിരുന്ന  സംസ്ഥാന സര്‍ക്കാര്‍ മുന്‍ അഡീഷണല്‍  ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറഞ്ഞു. സ്വതവേ പ്രശ്നങ്ങളുള്ള തിരുവനന്തപുരം പോലുള്ള പഴയ നഗരത്തിന്‍റെ ഭാവി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ ഈ വെല്ലുവിളികള്‍ ഗുരുതരമാണ്. നഗരത്തിന് മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണ് ഔട്ടര്‍ റിംഗ് റോഡ്. റിംഗ് റോഡിന് ചുറ്റും വരുന്ന പുതിയ നഗരത്തെ ഭൂപ്രകൃതിയില്‍ കാതലായ മാറ്റുംവരുത്താതെ പഴയ നഗരവുമായി  നന്നായി സംയോജിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള അടിസ്ഥാനസൗകര്യ വികസനം കൂടാതെ നഗരത്തിന് ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്ന് പാലിയം ഇന്ത്യ സിഇഒയും ഗ്വാളിയോര്‍  സ്മാര്‍ട്ട്സിറ്റി ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മുന്‍ ഇന്‍റിപെന്‍ഡന്‍റ് ഡയറക്ടറുമായ രാജ് കല്ലടി പറഞ്ഞു. വളരുമ്പോള്‍ തന്നെ ധാര്‍മ്മികതയും സംരക്ഷിക്കേണ്ടത് നിര്‍ണായകമാണ്. നഗരത്തിനാവശ്യമായവ കണ്ടെത്തി നേടിയെടുക്കണം. ശരിയായ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യവും ലഭ്യമാക്കിയാല്‍ ദക്ഷിണേഷ്യയുടെ ട്രാന്‍സിറ്റ് ഹബ്ബായി വികസിക്കാന്‍ നഗരത്തിന് സാധ്യതകളുണ്ട്. നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഈ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം വ്യക്തമാക്കി.

ആഗോള - ആഭ്യന്തര വ്യോമ ഗതാഗത ബന്ധത്തെ ശക്തിപ്പെടുത്താനാകുന്ന തരത്തില്‍ വിപുലീകരണത്തിന് ആവശ്യമായ സ്ഥലം കിട്ടാത്തതാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന പ്രശ്നമെന്ന്  അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ് (ഓപ്പറേഷന്‍സ്) ജോയിന്‍റ് പ്രസിഡന്‍റും അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട്  ചീഫ് എയര്‍പോര്‍ട്ട് ഓഫീസറുമായ പ്രഭാത്  കുമാര്‍ മഹാപാത്ര പറഞ്ഞു. 

റോഡുകളെ അധികമായി ആശ്രയിക്കുന്നതില്‍നിന്നും ഉണ്ടാകുന്ന മാനുഷിക-പാരിസ്ഥിതിക ചെലവുകള്‍ കുറയ്ക്കുന്നതിന് നഗരത്തില്‍ സുസ്ഥിര ഗതാഗത സംവിധാനം നിര്‍ണായകമാണെന്ന് നാറ്റ്പാക്ക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു പറഞ്ഞു. ശുദ്ധവായു, തിരക്ക് ഇല്ലാത്ത റോഡുകള്‍, പൊതുജന സൗകര്യം എന്നിവ ഉറപ്പാക്കുന്നതായിരിക്കണം പുതിയ സംവിധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമയവും ചെലവും ലാഭിക്കാനുള്ള യാത്ര ഉറപ്പാക്കാന്‍ സംസ്ഥാനത്തിനകത്ത് ഒരു സമര്‍പ്പിത റെയില്‍ പാത  പ്രായോഗിക പരിഹാരമാണെന്ന് കെറെയില്‍  മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയിലുള്ള യാത്രാസമയം കുറച്ചുകൊണ്ട് നിലവിലേയും ഭാവിലേയും ആവശ്യകതകളെ നേരിടാനാണ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസന സ്വപ്നങ്ങളെ  കൃത്യമായ കര്‍മ്മ പദ്ധതിയുമായി സമന്വയിപ്പിച്ച് തലസ്ഥാന നഗരിയുടെ സാധ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് വലിയ വെല്ലുവിളിയാണെന്ന്  ടോറസ് ഇന്ത്യ സിഒഒയും സീനിയര്‍ വൈസ് പ്രസിഡന്‍റും  അവേക്ക് ട്രിവാന്‍ഡ്രം സെക്രട്ടറിയുമായ അനില്‍ കുമാര്‍ പറഞ്ഞു.

അടിസ്ഥാനസൗകര്യം, സാമ്പത്തിക പിന്തുണ, മാര്‍ഗനിര്‍ദേശം, ഉല്‍പ്പന്ന മൂല്യനിര്‍ണയം, വിപണന പിന്തുണ തുടങ്ങിയവ ആവശ്യമായ പ്രാരംഭഘട്ടത്തിലുള്ള നൂതന സംരംഭങ്ങളുടെ വളര്‍ച്ചക്ക് കോര്‍പ്പറേറ്റുകള്‍ കടന്നുവരണമെന്ന് 'നൂതനത്വവും സംരംഭകത്വവും' എന്ന വിഷയത്തിലെ ടെക്നിക്കല്‍ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സംരംഭകത്വത്തെ കരുത്താര്‍ജ്ജിപ്പിക്കുന്നതിന് ഗവേഷണത്തിനും നൂതനത്വത്തിനും പ്രമുഖ്യം നല്‍കി മികച്ച സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കണം. ഇത് നമ്മുടെ ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുമെന്നും   കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ മുന്‍ സിഇഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള ബിസിനസായ ആതിഥേയ മേഖലയില്‍ നൂതന പ്രതിവിധികള്‍ക്ക് നിരവധി സാധ്യതകളുണ്ടെന്ന് ഹോസ്പിറ്റാലിറ്റി വിദഗ്ധനും കണ്‍സള്‍ട്ടന്‍റും ജിഞ്ചര്‍ ഹോട്ടല്‍സ് മുന്‍ എംഡിയും ടേണ്‍സ്റ്റോണ്‍ ഹോസ്പിറ്റാലിറ്റി എല്‍എല്‍പി സ്ഥാപകനും സിഇഒയുമായ പികെ മോഹന്‍കുമാര്‍ പറഞ്ഞു.ഡിജിറ്റല്‍വല്‍ക്കരണം ലോകത്തെ മാറ്റിമറിക്കുന്നുവെന്ന് നിസാന്‍ ഡിജിറ്റല്‍ ഇന്ത്യ (ഡിവിഷണല്‍ ജനറല്‍ മാനേജര്‍) മേധാവി രമേഷ് മിറാജെ അഭിപ്രായപ്പെട്ടു. വില്‍പ്പന വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും മെഷീന്‍ ലേണിംഗുമാണ് തങ്ങളുടെ സ്ഥാപനം പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ തനത് സാധ്യതകളും വിഭവങ്ങളും കരുതലോടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ്  കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ മൂര്‍ത്തി ചഗന്തി അഭിപ്രായപ്പെട്ടു. ഉപഭോക്തൃ ആവശ്യങ്ങള്‍ വിശകലനം ചെയ്ത് മനസ്സിലാക്കുന്നതിനും മാറ്റം വരുത്തുന്നതിനും നൂതനത്വത്തിലൂന്നിയ സംരംഭകത്വം സുപ്രധാനമാണെന്ന് സെഷനില്‍ മോഡറേറ്ററായിരുന്ന ഏണസ്റ്റ് ആന്‍ഡ് യംഗ് ഗ്ലോബല്‍ ലിമിറ്റഡ്  അസോസിയേറ്റ് പാര്‍ട്ണര്‍ രാജേഷ് നായര്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിതെളിയിച്ച ദ്വിദിന മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ 'ട്രിമ 2022'ല്‍ വ്യാവസായിക  നേതാക്കള്‍, നയകര്‍ത്താക്കള്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. തലസ്ഥാന നഗരിയില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സുസ്ഥിരവികസനം നടപ്പാക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്തി  ടിഎംഎ തയ്യാറാക്കിയ നയരേഖ 'ട്രിവാന്‍ഡ്രം വിഷന്‍ 2025 - എ സ്നാപ്ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡെവലപ്മെന്‍റ് ജേര്‍ണി' ടിഎംഎയുടെ വെബ്സൈറ്റില്‍   www.tmakerala.com  ലഭിക്കും. ന്യൂഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ അംഗീകാരമുള്ള പ്രമുഖ മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ. 

Photo Gallery

+
Content