വ്യാപാര്‍ 2022 : എംഎസ്എംഇ ഉല്‍പ്പന്ന വിപണനത്തിന് ഉള്‍ക്കാഴ്ചയേകാന്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍

പ്രതിരോധ-റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭരണ നടപടിക്രമങ്ങള്‍ പങ്കുവയ്ക്കും
Kochi / June 14, 2022

കൊച്ചി: സംസ്ഥാനത്തെ  സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എസ്ഇ) വിപണി വികസിപ്പിക്കുന്നതിന് ആവശ്യമായ സംഭരണ-വാങ്ങല്‍ നടപടിക്രമങ്ങള്‍ പങ്കുവയ്ക്കാന്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര്‍ 2022 ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റിന്‍റെ ഭാഗമാകുന്നു.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കൊച്ചി  ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തില്‍ ജൂണ്‍ 16 മുതല്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം  ബയര്‍മാരും  മൂന്നൂറിലധികം  എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കും. നിയമ-വ്യവസായ- കയര്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 

എംഎസ്എംഇ കളുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദേശീയ വിപണി നേടിയെടുക്കുകയാണ് ലക്ഷ്യം. കൊവിഡിനാല്‍ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ മുതല്‍ക്കൂട്ടാകുന്ന മേളയില്‍ രാജ്യത്താകമാനമുള്ള വ്യവസായ സമൂഹത്തിനു മുന്നില്‍ സംസ്ഥാനത്തെ സംരംഭകര്‍ക്ക് മികവ് തെളിയിക്കാനാകും.

വ്യാപാറിലെ മികച്ച ആശയവിനിമയങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണികണ്ടെത്തുന്നതിനുള്ള അവസരങ്ങള്‍ എംഎസ്എംഇ കള്‍ക്ക് ലഭിക്കുമെന്ന് നിയമ-വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊവിഡിനാല്‍ ബിസിനസില്‍ ഉണ്ടായ പ്രതിസന്ധി അതിജീവിക്കുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ സെയില്‍സ് - മാര്‍ക്കറ്റിംഗ്, ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ഒഎന്‍ഡിസി), ആമസോണ്‍ ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫുഡ് പ്രൊക്യുര്‍മെന്‍റ് ഡിവിഷന്‍, ഫ്ളിപ്പ്കാര്‍ട്ട് പ്രൊക്യുര്‍മെന്‍റ് ഡിവിഷന്‍ പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ അവതരണങ്ങള്‍ നടത്തുന്നുണ്ട്. 

എംഎസ്എംഇ കള്‍ക്ക് ബയേഴ്സിന്‍റെ ആവശ്യങ്ങളും ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴുള്ള ഔദ്യോഗിക നടപടിക്രമങ്ങളും മനസ്സിലാക്കുവാന്‍ വ്യാപാറിലെ സെമിനാറുകള്‍ സഹായകമാകും. ആദ്യ ദിവസം റെയില്‍വേ സംഭരണ നടപടികളെക്കുറിച്ച് ഇന്ത്യന്‍ റെയില്‍വേ  ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ്  കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡപ്യൂട്ടി ചീഫ് പ്രോജക്ട് മാനേജര്‍ തന്‍വീര്‍ ഖാന്‍ സംസാരിക്കും. ഫ്ളിപ്പ്കാര്‍ട്ട് സൗത്ത് ഇന്ത്യ പ്രൊക്യുര്‍മെന്‍റ്  മേധാവി ധനജ്യ,  ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ പ്രൊക്യുര്‍മെന്‍റ് ടീം അംഗങ്ങളായ ദാസ് ദാമോദരനും സനീഷും അവതരണങ്ങള്‍ നടത്തും.  ഒഎന്‍ഡിസി പ്ലാറ്റ്ഫോമിനെക്കുറിച്ച് ഒഎന്‍ഡിസി എംഡിയും സിഇഒയുമായ ടി കോശി സംസാരിക്കും.

രണ്ടാം ദിവസത്തെ സെമിനാര്‍ സെഷനില്‍  ആമസോണ്‍  ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫുഡ് പ്രോസസിംഗ് ഡിവിഷനിലെ ശ്വേതയും പിങ്കിയും  ആമസോണിന്‍റെ സംഭരണ പ്രക്രിയയെക്കുറിച്ച് സംസാരിക്കും. പ്രതിരോധമന്ത്രാലയം കാന്‍റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി  മേജര്‍ ജനറല്‍ വൈ പി ഖണ്ഡൂരി സംഭരണ പ്രക്രിയകളെക്കുറിച്ച് അവതരണം നടത്തും. നെസ്റ്റോയുടെ സംഭരണ പ്രക്രിയകളെക്കുറിച്ച് ബയിംഗ് മേധാവി റാഷിദ് അരമാം സംസാരിക്കും.  അതേദിവസം തന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ദൗത്യങ്ങളെക്കുറിച്ച് വ്യവസായ വാണിജ്യ കാര്യാലയത്തിലെ  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസാരിക്കും.

വാണിജ്യ സ്ഥാപനങ്ങളിലെ ബയേഴ്സ്, ഓള്‍ ഇന്ത്യ ട്രേഡ് - കൊമേഷ്യല്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍,  വാണിജ്യ സംഘങ്ങള്‍, കയറ്റുമതിക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. മേളയുടെ ഭാഗമാകാനായി സംസ്ഥാനത്തെ എംഎസ്എംഇ സംരംഭകര്‍ക്ക് സെല്ലര്‍ രജിസ്ട്രേഷനും ഇതര സംസ്ഥാന ബയര്‍മാര്‍ക്ക് ബയര്‍ രജിസ്ട്രേഷനും പ്രത്യേക വെബ്സൈറ്റായ   www.keralabusinessmeet.org ല്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങളും വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയുമാണ് മേളയില്‍ പങ്കെടുക്കാനായി എംഎസ്എംഇ യൂണിറ്റുകളെ തെരഞ്ഞെടുത്തത്. 


 

Photo Gallery