ഭാവിയിലെ വൈറസ് വെല്ലുവിളികളെ നേരിടാന്‍ കേരളം സജ്ജം-വീണാ ജോര്‍ജ്ജ്

ഹെല്‍ത്ത്ടെക് ഉച്ചകോടിയ്ക്ക് തുടക്കമായി
Kochi / June 24, 2022

കൊച്ചി:  ഭാവിയില്‍ വന്നേക്കാവുന്ന വൈറല്‍ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹെല്‍ത്ത്ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
    കൊവിഡ് വന്നപ്പോള്‍ ലോകാരോഗ്യ സംഘടന മാനദണ്ഡങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. നീപ വൈറസ് കൈകാര്യം ചെയ്ത പരിചയമാണ് നമ്മുക്ക് സഹായകരമായത്. ഇനിയും വൈറസ് ആക്രമണ ഭീഷണി ഭാവിയില്‍ വന്നേക്കാം. ഇത് കൈകാര്യം ചെയ്യുന്നതിന് സദാ സന്നദ്ധരായിരിക്കുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടന്നു വരുന്നത്. 
    ഈ സാഹചര്യത്തില്‍ ഹെല്‍ത്ത്ടെക്കിന് പ്രത്യേക പ്രാധാന്യമുണ്ട്. ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കൂടുതലായി ആരോഗ്യമേഖലയിലേക്ക് കടന്നു വരണം. ഹെല്‍ത്ത്ടെക് മേഖലയില്‍ കേരളം രാജ്യത്തിന്‍റെ ഹബ്ബായി മാറണമെന്നും മന്ത്രി പറഞ്ഞു.
    കേരളത്തിലെ ആരോഗ്യമേഖലയിലെ ഡിജിറ്റല്‍വത്കരണത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് പദ്ധതിക്ക് സാധിക്കുമെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ പറഞ്ഞു. ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിനു മുന്നില്‍ വിജയകരമായ ബ്രാന്‍ഡായാണ് കേരള ഹെല്‍ത്തിനെ കണക്കാക്കുന്നതെന്ന് സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. കൊവിഡ് ചികിത്സയിലും ആശുപത്രി നടത്തിപ്പിലും ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിവരിച്ചു.
ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍വത്കരണത്തിന്‍റെ പ്രാധാന്യം കൊവിഡ് നമ്മുക്ക് മനസിലാക്കിത്തന്നുവെന്ന് കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി നേതാക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഹെല്‍ത്ത്ടെക് ഉച്ചകോടി ഒരുക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    
സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനം ഇന്ത്യ ആക്സിലറേറ്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ദീപക് നാഗ്പാല്‍ നടത്തി. 15 സ്റ്റാര്‍ട്ടപ്പുകളാണ് ഈ ആക്സിലറേഷന്‍ പദ്ധതിയിലുള്ളത്. 
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് സ്വാഗതം പറഞ്ഞു. ആരോഗ്യമേഖലയിലെ 35 ഓളം വിദഗ്ധരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. കേരള ഐടി, ഇ-ഹെല്‍ത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഡിജിറ്റല്‍ സൊല്യൂഷന്‍സ് ലാന്‍ഡ്സ്കേപ്സ് ഫോര്‍ ഹോസ്പിറ്റല്‍സ്, ആരോഗ്യ മേഖലയിലെ സാങ്കേതിക ഇടപെടലുകളുടെ പ്രസക്തി, രോഗീപരിചരണത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം, ആരോഗ്യ മേഖലയിലെ നിര്‍മ്മിതബുദ്ധി വിനിയോഗം, ആരോഗ്യപരിചരണത്തില്‍ ഡാറ്റ അനാലിസിസിന്‍റെ പങ്ക്, പകര്‍ച്ചവ്യാധി തടയുന്നതിലെ മികച്ച സാങ്കേതികവിദ്യാ മാതൃകകള്‍, ആരോഗ്യപരിചരണത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍, ആരോഗ്യമേഖലയിലെ നിക്ഷേപ സാധ്യതകള്‍, ഹെല്‍ത്ത്ടെക് ആവാസവ്യവസ്ഥയില്‍ നൂതന സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക്, തുടങ്ങിയവിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടന്നു.
 

Photo Gallery

+
Content
+
Content