ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മത്സരങ്ങള്‍ സെപ്തംബര്‍ 4 മുതല്‍ നവംബര്‍ 26 വരെ
Kochi / July 2, 2022

കൊച്ചി: ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന് സെപ്തംബര്‍ 4 ന് ആലപ്പുഴ പുന്നമടക്കായലില്‍ തുടക്കമാകും. സിബിഎല്‍ രണ്ടാം ലക്കത്തിന്‍റെ പ്രഖ്യാപനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തി. 
    നെഹൃട്രോഫി വള്ളം കളിയോടനുബന്ധിച്ചാണ് സിബിഎല്‍ ആദ്യ മത്സരവും നടത്തുന്നത്. നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സിബിഎല്‍ സമാപിക്കും.
    മൂന്നു വര്‍ഷം മുമ്പ് കേരളത്തെ വള്ളം കളിയുടെ ആവേശത്തിലാറാടിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം ലക്കം മികച്ച ഒരുക്കങ്ങളോടു കൂടിയാണ് നടക്കാന്‍ പോകുന്നത്. പന്ത്രണ്ട് വേദികളിലായാണ് മത്സരം. ആലപ്പുഴ-ആറ്, കൊല്ലം, എറണാകുളം-രണ്ട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ വേദികളാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
    പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, ചെങ്ങന്നൂര്‍ പാണ്ടനാട്, കായംകുളം എന്നിവയാണ് ആലപ്പുഴയിലെ മത്സരവേദികള്‍. പിറവം, മറൈന്‍ ഡ്രൈവ് എന്നീ വേദികള്‍ എറണാകുളത്തുണ്ടാകും. സമാപനമത്സരം നടക്കുന്ന കൊല്ലവും കല്ലടയുമാണ് ജില്ലയിലെ രണ്ട് വേദികള്‍. കോട്ടയത്ത് താഴത്തങ്ങാടിയും തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറവുമാണ് മറ്റ് വേദികള്‍. സിബിഎല്ലിന്‍റെ അനുബന്ധപരിപാടിയായി ചെറുവള്ളങ്ങളുടെ മത്സരം  ചാലിയാറിലും സംഘടിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഒമ്പത് ടീമുകളുടെ ജഴ്സിയും മന്ത്രി പുറത്തിറക്കി. സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
    കേരള ടൂറിസത്തിന് ഏറെ മുതല്‍ക്കൂട്ടായ ഉത്പന്നമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ ടൂറിസം വകുപ്പ് കണക്കാക്കുന്നത്. ടൂറിസം ആകര്‍ഷണത്തോടൊപ്പം കേരളത്തിന്‍റെ തനത് കായികവിനോദത്തെ അന്താരാഷ്ട്രതലത്തിലേക്കെത്തിക്കാനും ഇതു വഴി സാധിച്ചു.
    ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്); മൈറ്റി ഓര്‍സ്(എന്‍സിഡിസി കുമരകം) കോസ്റ്റ് ഡോമിനേറ്റേഴ്സ്(യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി) റേജിംഗ് റോവേഴ്സ് (പോലീസ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ടൗണ്‍ ബോട്ട് ക്ലബ് കുമരകം), തണ്ടര്‍ ഓര്‍സ്(കെബിസി/എസ്എഫ്ബിസി കുമരകം), ബാക്ക് വാട്ടര്‍ നൈറ്റ്സ്(വില്ലേജ് ബോട്ട് ക്ലബ് എടത്വ), ബാക്ക് വാട്ടര്‍ നിന്‍ജ (പുന്നമട ബോട്ട് ക്ലബ്), പ്രൈഡ് ചേസേഴ്സ്(വേമ്പനാട് ബോട്ട് ക്ലബ്) എന്നിവയാണ് ഇക്കുറി മത്സരിക്കുന്ന ടീമുകള്‍. 
നടുഭാഗം, ദേവാസ്, ചമ്പക്കുളം, കാരിച്ചാല്‍, പായിപ്പാടന്‍, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍, ആയാപറമ്പ് പാണ്ടി, ഗബ്രിയേല്‍, വീയപുരം എന്നിവയാണ് മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍.
    ബോട്ട് ക്ലബുകള്‍ക്ക് വലിയ സമ്മാനത്തുകകളുമാണ് സിബിഎല്‍ ഒന്നാം ലക്കത്തില്‍ ലഭിച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് ആകെ 1.31 കോടി രൂപ ലഭിച്ചു. ഒമ്പത് ടീമുകള്‍ക്ക് കൂടിയായി 5.86 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.
    138 അടി നീളം വരെയുള്ള ചുണ്ടന്‍ വള്ളങ്ങളുണ്ട്. പരമ്പരാഗത രീതിയില്‍ 150 തുഴക്കാര്‍ വരെ വള്ളത്തിലുണ്ടാകാറുണ്ട്. സിബിഎല്ലില്‍ 80 മുതല്‍ 100 തുഴക്കാര്‍ വരെയാണ് ഉണ്ടാവുക. 14-ാം നൂറ്റാണ്ട് മുതലാണ് ചുണ്ടന്‍ വള്ളങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ദേവനാരായണ രാജാവിന്‍റെ കല്‍പന പ്രകാരമാണ് ആശാരിമാര്‍ ചേര്‍ന്ന് ചുണ്ടന്‍ വള്ളം രൂപകല്‍പന ചെയ്തത്. രാജാവ് യുദ്ധം ജയിച്ചു. 700 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ രൂപകല്‍പന തന്നെയാണ് ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കാന്‍ ആശ്രയിക്കുന്നത്. 
    1952 ല്‍ ആലപ്പുഴ സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃ അവിടെ സംഘടിപ്പിച്ച വള്ളംകളി കണ്ട് ആവേശഭരിതനായി ചുണ്ടന്‍വള്ളത്തില്‍ ചാടിക്കയറി. അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥമാണ് നെഹൃട്രോഫി വള്ളം കളിയാരംഭിച്ചത്. നെഹൃട്രോഫി വള്ളംകളിയുടെ അന്താരാഷ്ട്രപ്രശസ്തിയും വര്‍ഷം തോറും ഇത് കാണാനെത്തുന്ന വിദേശികളുടെ തള്ളിക്കയറ്റവും പരിഗണിച്ചാണ് പുതുതലമുറ കായികവിനോദത്തിന്‍റെ രൂപത്തിലേക്ക് വള്ളംകളിയെ മാറ്റാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 മത്സരക്രമം
1    നെഹൃട്രോഫി, പുന്നമട, ആലപ്പുഴ    സെപ്തംബര്‍ 4, 2022
2    താഴത്തങ്ങാടി, കോട്ടയം    സെപ്തംബര്‍ 17, 2022
3    പുളിങ്കുന്ന്, ആലപ്പുഴ    സെപ്തംബര്‍ 24, 2022
4    പിറവം, എറണാകുളം    ഒക്ടോബര്‍ 1, 2022
5    മറൈന്‍ ഡ്രൈവ്, എറണാകുളം    ഒക്ടോബര്‍ 8, 2022
6    കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍, തൃശൂര്‍    ഒക്ടോബര്‍ 15, 2022
7    കൈനകരി, ആലപ്പുഴ    ഒക്ടോബര്‍ 22, 2022
8    കരുവാറ്റ, ആലപ്പുഴ    ഒക്ടോബര്‍ 29, 2022
9    പാണ്ടനാട്, ചെങ്ങന്നൂര്‍, ആലപ്പുഴ    നവംബര്‍ 5, 2022
10    കായംകുളം, ആലപ്പുഴ    നവംബര്‍ 12, 2022
11    കല്ലട, കൊല്ലം    നവംബര്‍ 19, 2022
12     പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം    നവംബര്‍ 26, 2022

Photo Gallery

+
Content
+
Content