പ്രയാര്‍ മില്‍മയെ മുന്നോട്ടുനയിച്ച വ്യക്തിത്വം: മന്ത്രി ചിഞ്ചുറാണി

പ്രയാറിന്‍റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
Trivandrum / July 13, 2022

തിരുവനന്തപുരം:  കേരളത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനും മില്‍മ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാനും മുന്‍പന്തിയില്‍ നിന്ന വ്യക്തിത്വമാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റേതെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അനുസ്മരിച്ചു. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ (മില്‍മ) സംഘടിപ്പിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ അനുശോചന യോഗം പട്ടം മില്‍മ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായിരുന്ന പ്രയാര്‍ അമൂല്‍, ആനന്ദ് മാതൃകകള്‍ ഒരുപോലെ ഉള്‍ക്കൊണ്ട്  പ്രവര്‍ത്തിച്ച് കേരളത്തിലെ ക്ഷീരമേഖലയുടെ ക്ഷേമം ഉറപ്പുവരുത്തി. ക്ഷീരകര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കുന്ന നിലപാടാണ് അദ്ദേഹം എപ്പോഴും പുലര്‍ത്തിയിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രയാറിന്‍റെ ഛായാചിത്രത്തിന്‍റെ അനാച്ഛാദനവും മന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തിയെടുത്തതിനു പിന്നില്‍ പ്രയാറിന്‍റെ ആത്മാര്‍ഥമായ പ്രവര്‍ത്തനവും ദീര്‍ഘവീക്ഷണവുമുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അനുസ്മരിച്ചു.
    
മില്‍മ എം.ഡി. ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, മേഖല യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Photo Gallery

+
Content
+
Content