സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തികസ്വാതന്ത്ര്യം നിര്‍ണായകം: കളക്ടര്‍

ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രമായി ആര്‍ജിസിബി
Trivandrum / July 15, 2022

തിരുവനന്തപുരം:  സമൂഹത്തില്‍ സ്ത്രീകളുടെ പദവി പുനര്‍നിര്‍വചിക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ നിര്‍മ്മാതാക്കളാണ് പുതിയ തലമുറയെന്നും സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നിര്‍ണായക പങ്കുണ്ടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) 'ഗതി' (ജെന്‍ഡര്‍ അഡ്വാന്‍സ്മെന്‍റ് ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനു പുറമേ അവരുടെ യഥാര്‍ഥ കഴിവുകള്‍ നിറവേറ്റാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ശരിയായ ശ്രദ്ധയും നിശ്ചയദാര്‍ഢ്യവും നല്ല മാനസികാരോഗ്യവും സ്ത്രീകളെ തൊഴിലില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.


ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ്  (സ്റ്റെം) മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് ആര്‍ജിസിബി.


ശൈശവദശ തൊട്ട് കുടുംബാന്തരീക്ഷത്തില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് പ്രകടമാണെന്നും അതിനാല്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നു തന്നെയാണെന്ന് തുടര്‍ന്നുള്ള സെഷനിലെ മുഖ്യപ്രഭാഷണത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 


വിദ്യാഭ്യാസ മേഖലയില്‍ വനിതകളുടെ സാന്നിധ്യം പ്രകടമാണെങ്കിലും തൊഴില്‍ രംഗത്തേക്ക് എത്തുമ്പോള്‍ ഈ പ്രാതിനിധ്യം കുറയുന്നുവെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ഈ പ്രശ്നപരിഹാരത്തിന് വ്യക്തികളേക്കാള്‍ സ്ഥാപനങ്ങളാണ് ഉണര്‍ന്നിരിക്കേണ്ടതെന്ന് സര്‍ക്കാരും നയരൂപകര്‍ത്താക്കളും തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 'ഗതി' നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാനും പ്രവര്‍ത്തിക്കാനും സഹായകമായ പരിതസ്ഥിതി സൃഷ്ടിക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആര്‍ജിസിബി 'ഗതി' പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ദേവസേന അനന്തരാമന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി 'ലിംഗസമത്വ അവസരങ്ങള്‍: മിത്ത് അല്ലെങ്കില്‍ യാഥാര്‍ഥ്യം' എന്ന വിഷയത്തില്‍ സംവാദം നടന്നു. ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


'ഗതി' നടപ്പാക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പ്  തെരഞ്ഞെടുത്ത 30 ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലാണ്  കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ജിസിബി ഉളളത്. ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ്  മേഖലകളിലെ  അക്കാദമിക - ഉദ്യോഗ തലങ്ങളില്‍ പുരോഗതി കൈവരിക്കുന്നതില്‍ വനിതകള്‍ നേരിടുന്ന സാമ്പ്രദായിക-സാംസ്കാരിക തടസ്സങ്ങളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.
     
 

Photo Gallery

+
Content
+
Content