വനിതാ സംരംഭകരെ പിന്തുണക്കാന്‍ കെഎസ് യുഎമ്മിന്‍റെ 'വീ സ്പാര്‍ക്ക്'

ജൂലായ് 31 വരെ അപേക്ഷിക്കാം
Trivandrum / July 16, 2022

തിരുവനന്തപുരം:  വനിതാ സംരംഭകരെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) വെര്‍ച്വല്‍ ആക്സിലറേഷന്‍ പ്രോഗ്രാം 'വീ സ്പാര്‍ക്' സംഘടിപ്പിക്കുന്നു. മിനിമം മൂല്യമുള്ള സാങ്കേതിക ഉല്‍പന്നങ്ങളെ നിക്ഷേപക സാധ്യതയുള്ള ഉല്‍പന്നങ്ങളാക്കി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. ഉല്‍പ്പാദനം മുതല്‍ മികച്ച വിപണനം വരെയുള്ള ഘട്ടങ്ങളിലേക്കെത്താന്‍ വനിതാ സംരംഭകരെ പ്രാപ്തരാക്കുവാന്‍ വീ സ്പാര്‍ക്കിന് കഴിയും.


മാര്‍ഗനിര്‍ദേശകരുമായി നേരിട്ട് സംവദിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം പുതിയ നിക്ഷേപ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും മേഖലയിലെ പ്രഗല്‍ഭരുടെ മുന്നില്‍ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമുള്ള അവസരവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.


വാധ്വാനി ഫൗണ്ടേഷന്‍റെ സഹകരണത്തോടെയാണ് കെഎസ്യുഎം പരിപാടി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന മികച്ച വനിതാ സംരംഭകര്‍ക്ക്  സില്‍ക്കണ്‍ വാലി സന്ദര്‍ശനത്തിനും അവിടെ പ്രാരംഭഘട്ട ഫണ്ടിങ്ങിനുള്ള അവസരവും വാധ്വാനി ഫൗണ്ടേഷന്‍ ഒരുക്കും. ആശയഘട്ടം കഴിഞ്ഞതും സാങ്കേതിക പ്രതിവിധിയായി വികസിപ്പിക്കാവുന്ന മിനിമം മൂല്യമുള്ള ഉല്‍പ്പനങ്ങളൊരുക്കുന്ന വനിതാ സംരംഭകര്‍ക്ക് പരിപാടിയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.
അപേക്ഷിക്കാന്‍   https://womenstartupsummit.com/wespark/ സന്ദര്‍ശിക്കുക.  

Photo Gallery