ഓണം വാരാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ

സംസ്ഥാനതല ഓണാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Trivandrum / July 23, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 


സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാത്രം 30 വേദികളുണ്ടാകും. വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ടൂറിസം വിപണനസാധ്യത ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


സെപ്റ്റംബര്‍ 12 ന് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാകുക.
മന്ത്രിമാരായ ആന്‍റണി രാജു, ജി.ആര്‍.അനില്‍, എ.എ. റഹിം എംപി, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ഐ.ബി.സതീഷ്, സി.കെ. ഹരീന്ദ്രന്‍, കെ.ആന്‍സലന്‍, വി.ജോയ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ്കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസെ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയര്‍മാനും, സ്പീക്കര്‍ എം.ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, വി.എന്‍.വാസവന്‍, മുന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളും, തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎല്‍എമാരും ഉപരക്ഷാധികാരികളുമായുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. മന്ത്രി വി.ശിവന്‍കുട്ടി വര്‍ക്കിംഗ് ചെയര്‍മാനും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് കണ്‍വീനര്‍-ചീഫ് കോര്‍ഡിനേറ്ററും, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് കണ്‍വീനറുമാകും. ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് എക്സിക്യൂട്ടിവ് കമ്മിറ്റി.

ഇതിനു പുറമേ പരിപാടിയുടെ നടത്തിപ്പിനായി പ്രോഗ്രാം, ഇന്‍ഫ്രാസ്ട്രക്ചര്‍, മീഡിയ പബ്ലിസിറ്റി, ഫുഡ് ഫെസ്റ്റിവല്‍, ട്രേഡ് ഫെയര്‍ ആന്‍ഡ് എക്സിബിഷന്‍, സ്പോണ്‍സര്‍ഷിപ്പ്, ഇല്യൂമിനേഷന്‍, സെക്യൂരിറ്റി, ഘോഷയാത്ര, ഗ്രീന്‍ പ്രോട്ടോക്കോള്‍, വളണ്ടിയര്‍, റിസപ്ഷന്‍ കമ്മിറ്റികളും രൂപീകരിച്ചു. ഓരോ കമ്മിറ്റിക്കും ചെയര്‍മാനും കണ്‍വീനറും കോ-ഓര്‍ഡിനേറ്ററും ഉണ്ടായിരിക്കും. വിവിധ കലാരൂപങ്ങള്‍ക്കായി സബ്കമ്മിറ്റികളും ഉണ്ടാകും. ഓണാഘോഷത്തിന് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷ ആഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും.    


പ്രളയസാഹചര്യത്തില്‍ 2018  ലും കോവിഡിനെ തുടര്‍ന്ന് 2020 ലും 2021 ലും സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നില്ല. ഇക്കുറി വിപുലമായി ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം.


 

Photo Gallery

+
Content