ഏയ്ഞ്ജല്‍ നിക്ഷേപകരാകണോ? സൗജന്യ പരിശീലനകളരിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഏയ്ഞ്ജല്‍ നിക്ഷേപകരാകണോ? സൗജന്യ പരിശീലനകളരിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Kochi / August 5, 2022

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ജല്‍ നിക്ഷേപം നടത്തി മികച്ച നേട്ടം കൈവരിക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കായി പ്രത്യേക പരിശീലന പരിപാടിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹെഡ്സ്റ്റാര്‍ട്ട് നെറ്റ് വര്‍ക്ക് ഫൗണ്ടേഷനും. ആഗസ്റ്റ് 13 ന് ഉച്ചതിരിഞ്ഞ് 12 മണി മുതല്‍ കളമശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി നടക്കുന്നത്.


ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പ്രാരംഭനിക്ഷേപമെന്ന നിലയില്‍ പണമിറക്കുന്നതിനാണ് എയ്ഞ്ജല്‍ നിക്ഷേപമെന്ന് പറയുന്നത്. ഇത്തരത്തില്‍ പണമിറക്കാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് ഇതെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.


താത്പര്യമുള്ള നിക്ഷേപകര്‍ക്ക്   https://bit.ly/HNI2022എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.  വെഞ്ച്വര്‍ ക്യാപിറ്റല്‍, എയ്ഞ്ജല്‍ നിക്ഷേപം എന്നീ മേഖലകളിലെ പ്രഗല്‍ഭര്‍ ഈ പരിശീലനകളരിയില്‍ പങ്കെടുക്കും. കീ വെഞ്ച്വേഴ്സിന്‍റെ സഹസ്ഥാപകയും സിഇഒയുമായ നിധി സറഫാണ് പരിപാടി നയിക്കുന്നത്. പ്രീസീരീസ് എ മുതല്‍ ഡി വരെയുള്ള നിക്ഷേപങ്ങളില്‍ ഏറെ പരിചയസമ്പത്തുള്ള സ്ഥാപനമാണിത്.


എയ്ഞ്ജല്‍ നിക്ഷേപകരാകാന്‍ താത്പര്യമുള്ളവര്‍ക്കുള്ള നിരവധി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ഇവിടെ നിന്ന് ലഭിക്കും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളില്‍ പുതിയൊരു സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും അതിന്‍റെ സാധ്യതകളെക്കുറിച്ചും മികച്ച അവബോധമുള്ള എയ്ഞ്ജല്‍ നിക്ഷേപകന് തന്‍റെ നിക്ഷേപത്തില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുമെന്നതാണ് ഇതിന്‍റെ ഗുണം. 


സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേ-ഫണ്ടിംഗ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്‍റ്സ് എന്ന സമ്മേളനത്തിന്‍റെ ഭാഗമായാണ് ഈ പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 250 ഓളം സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Photo Gallery