ആഗോള ഓങ്കോളജി സമ്മേളനം 13 മുതല്‍ കോവളത്ത്

ആഗോള ഓങ്കോളജി സമ്മേളനം 13 മുതല്‍ കോവളത്ത്
Trivandrum / August 11, 2022

തിരുവനന്തപുരം: കാന്‍സര്‍ പരിചരണം, ഗവേഷണം എന്നിവയിലെ ആധുനിക രീതികള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനുമായി 'ഡോ എം കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ ഇന്‍റര്‍നാഷണല്‍ ക്ലിനിക്കല്‍ ഓങ്കോളജി സമ്മേളനം സംഘടിപ്പിക്കുന്നു. കോവളം ഉദയ സമുദ്രയില്‍ നടക്കുന്ന സമ്മേളനം ഓഗസ്റ്റ് 13ന് വൈകിട്ട് 6ന് ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി  ടിങ്കു ബിസ്വാള്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. 
   
അസോസിയേഷന്‍ ഓഫ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് (എആര്‍ഒഐ)  കേരള ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി ആന്‍ഡ് ഓങ്കോളജി വിഭാഗവും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കലാ കേശവന്‍ എന്നിവര്‍ സംസാരിക്കും. ദ്വിദിന സമ്മേളനത്തില്‍ ലോകപ്രശസ്ത കാന്‍സര്‍ വിദഗ്ധനായ ഡോ. എം കൃഷ്ണന്‍ നായരുമായി ആത്മബന്ധമുള്ള വ്യക്തികളുടെ അനുസ്മരണക്കുറിപ്പുകള്‍ അടങ്ങിയ സ്മരണിക പ്രകാശനം ചെയ്യും.
     
കാന്‍സര്‍ ചികിത്സാരംഗത്തെ അതികായനായ ഡോ.എം കൃഷ്ണന്‍ നായര്‍ ഇന്ത്യയിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് വിഭാവനം ചെയ്തത്. രണ്ട് ദശാബ്ദക്കാലം ഊര്‍ജ്ജസ്വലതയോടെയും പ്രതിബദ്ധതയോടെയും സേവനമനുഷ്ഠിച്ച അദ്ദേഹം തിരുവനന്തപുരം ആര്‍സിസിയുടെ സ്ഥാപക ഡയറക്ടറാണ്.
    
ആരോഗ്യമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ഭീഷ്മാചാര്യ അവാര്‍ഡും ജനീവയിലെ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് കാന്‍സറിന്‍റെ (യുഐസിസി)  റോള്‍ ഓഫ് ഓണറും (1996) ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കാന്‍സര്‍ ചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് 2001-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

കേരളത്തില്‍ ആദ്യമായാണ് കാന്‍സര്‍ചികിത്സയുമായി ബന്ധപ്പെട്ട് ഇത്ര വലിയൊരു സമ്മേളനം നടക്കുന്നതെന്ന് എആര്‍ഒഐ സെക്രട്ടറി ഡോ. ഫ്രാന്‍സിസ് വി ജെയിംസ് പറഞ്ഞു. കാന്‍സര്‍ പരിചരണത്തിലെ ആധുനിക പ്രവണതകളും ആഗോള പ്രശസ്തരായ വിദഗ്ധരുടെ കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിന് അക്കാദമിക് വിദഗ്ധര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമ്മേളനം പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പ്രോട്ടോണ്‍ ബീം തെറാപ്പി ഫോര്‍ പീഡിയാട്രിക് മാലിഗ്നന്‍സി' എന്ന വിഷയത്തില്‍ അമേരിക്കയിലെ ഡോ. ജോണ്‍ എ കളപ്പുരക്കല്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്രഭാഷകര്‍ സംസാരിക്കും. 'ഐഎംആര്‍ടിയുടെ കാലഘട്ടത്തില്‍ ഏനല്‍ കാര്‍സിനോമയ്ക്കുള്ള കീമോആര്‍ടി' എന്ന വിഷയത്തില്‍ ഡോ കുര്യന്‍ ജോസഫ്(കാനഡ), ഇന്ത്യയിലെ കാന്‍സര്‍ നിയന്ത്രണ പദ്ധതികളെക്കുറിച്ച് ഡോ.ജി കെ രാത് (ഇന്ത്യ), 'എസ്ബിആര്‍ടി ഫോര്‍ ലംഗ് ക്യാന്‍സര്‍' എന്നതില്‍ ഡോ അജയ് സന്ധു (യുഎസ്) 'കാന്‍സര്‍ സ്ക്രീനിംഗ്' വിഷയത്തില്‍ ഡോ. ആര്‍ ശങ്കരനാരായണന്‍ (ഇന്ത്യ), ഡോ.റോജിമോന്‍ ജേക്കബ്, (യു.എസ്) എന്നിവര്‍ 'മലാശയ കാന്‍സറിലെ അവയവ സംരക്ഷണത്തിനുള്ള പുതിയ തന്ത്രങ്ങള്‍' എന്ന വിഷയത്തിലും ഡോ. നജീബ് മൊഹിദീന്‍ (യു.എസ്) 'എസ്ബിആര്‍ടി ഫോര്‍ ഒലിഗോമെറ്റാസ്റ്റാറ്റിക് ഡിസീസ്' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
 
څറേഡിയോളജി ഓഫ് അള്‍ട്രാ ഹൈപ്പോഫ്രാക്ഷനേഷന്‍' വിഷയത്തില്‍ ഡോ. യാര്‍നോള്‍ഡ് (യുകെ),  അണ്ഡാശയ ക്യാന്‍സറിനുള്ള ഫസ്റ്റ്-ലൈന്‍ കീമോതെറാപ്പിയെ തുടര്‍ന്നുള്ള മെയിന്‍റനന്‍സ് തെറാപ്പി ഓപ്ഷനുകള്‍ വിഷയത്തില്‍ രമ ജ്യോതിര്‍മയി (യുകെ ), 'കമ്പൈയിന്‍ നോവല്‍ ഏജന്‍റ്സ് വിത്ത് റേഡിയോ തെറാപ്പി' യില്‍ ഡോ. ചന്ദന്‍ ഗുഹ (യുഎസ് ), 'ദി ആര്‍ട്ട് ഓഫ് ഓങ്കോളജി ക്ലിനിക്കല്‍ ഡിസിഷന്‍ മേക്കിംഗില്‍'  ഡോ. ടി വി അജിത്കുമാര്‍ (യുകെ),  പ്രോസ്ട്രേറ്റ് കാന്‍സറിലെ സമീപകാല മുന്നേറ്റങ്ങള്‍ വിഷയത്തില്‍ ഡോ.രാമചന്ദ്രന്‍ വി (യുകെ) എന്നിവരും സംസാരിക്കും.

ഡോ. അജയകുമാര്‍ ടി, ഡോ. ആശ അര്‍ജുനന്‍, ഡോ. പോള്‍ അഗസ്റ്റിന്‍, ഡോ അനിത മാത്യൂസ്, ഡോ. വേണുഗോപാല്‍ എം എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. നവീന്‍കുമാര്‍ പി മോഡറേറ്ററായിരിക്കും.'തലയിലും കഴുത്തിലുമുള്ള കാന്‍സര്‍' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ ഡോ. സെസല്‍ കെ ടി മോഡറേറ്ററാകും. ഡോ. കെ രാമദാസ്, ഡോ. സുരേഷ്കുമാര്‍ കെ, ഡോ. അനൂപ് ആര്‍, ഡോ. ഷാജി തോമസ്, ഡോ. അനില കെ ആര്‍, ഡോ. പ്രിയ എ എന്നിവര്‍ പങ്കെടുക്കും. 

സമാപന ദിവസം നടക്കുന്ന 'ഗര്‍ഭാശയ അര്‍ബുദങ്ങള്‍' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ ഡോ. ദിനേശ് എം, ഡോ. അശ്വിന്‍കുമാര്‍, ഡോ. രമ പി, ഡോ. പ്രീതി ടി ആര്‍, ഡോ. ജൂബിരാജ് എന്നിവര്‍ പങ്കെടുക്കും. ഡോ.ജോണ്‍ ജോസഫ് മോഡറേറ്ററായിരിക്കും.

Photo Gallery