ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന ബജറ്റ്- മന്ത്രി മുഹമ്മദ് റിയാസ്

സാംസ്ക്കാരിക ടൂറിസം ശക്തിപ്പെടുത്താന്‍ മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്
തിരുവനന്തപുരം / June 4, 2021

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് വേഗം പകരുന്നതാണ് ബജറ്റെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് പ്രത്യേക ഊന്നല്‍ ബജറ്റില്‍ നല്‍കിയിട്ടുണ്ട്.

ടൂറിസം വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് എന്നിവയ്ക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിന്‍റെ പൈതൃക-പാരിസ്ഥിതിക ടൂറിസം രംഗത്തിന് ഈ പദ്ധതി മുതല്‍ക്കൂട്ടാകും. ലിറ്റററി സര്‍ക്യൂട്ട് രാജ്യത്തെ തന്നെ ആദ്യ കാല്‍വയ്പുകളിലൊന്നാകും. അറിയപ്പെടാതെ കിടക്കുന്ന പൈതൃക-പാരിസ്ഥിതിക സ്ഥലങ്ങള്‍ക്ക് ഇത് പുത്തന്‍ ഉണര്‍വ് പകരും. അതു വഴി സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചാരികള്‍ എത്തുകയും ചെയ്യുമെന്ന് ശ്രീ മുഹമ്മദ് റിയാസ് പറഞ്ഞു.

പുതിയ വിപണന തന്ത്രത്തിനായി 50 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. ഇതിലൂടെ പുതിയ ടൂറിസം ഉത്പന്നങ്ങളെ മികച്ച രീതിയില്‍ വിപണനം ചെയ്യാന്‍ സാധിക്കും. ടൂറിസം കേന്ദ്രങ്ങള്‍ വികസിക്കുന്നതിലൂടെ സംസ്ഥാനത്തിന്‍റെ പല മേഖലകളിലും അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവര്‍ത്തന മൂലധനത്തിനും വായ്പയ്ക്കുമായി ടൂറിസം മേഖലയ്ക്ക് 400 കോടി രൂപ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി ഏര്‍പ്പെടുത്തും. പൂട്ടിപ്പോകലിന്‍റെ വക്കില്‍ നില്‍ക്കുന്ന ടൂറിസം സംരംഭങ്ങളുടെ പുനരുജ്ജീവന പാക്കേജിനായി 30 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Photo Gallery