തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്ലാറ്റിനം ജൂബിലി; പ്രഭാഷകരായി ആഗോള ആരോഗ്യ വിദഗ്ധര്‍

ത്രിദിന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Trivandrum / August 12, 2022

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 70 വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച്  ത്രിദിന മെഡിക്കല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. സമ്മേളനം ഓഗസ്റ്റ് 26ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന്  ആഘോഷക്കമ്മിറ്റി രക്ഷാധികാരി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി അലുമ്നി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യമേഖലയിലെ മാറ്റങ്ങളേയും നിലവിലെ പ്രവണതകളേയും വെല്ലുവിളികളേയും കുറിച്ച് ലോകപ്രശസ്ത ആരോഗ്യവിദഗ്ധര്‍ സംസാരിക്കും. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസിന്‍റെ മാതൃകയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 717 കോടി രൂപയുടെ ടിഎംസി വികസനപദ്ധതിക്കുള്ള അംഗീകാരം കിഫ്ബിയില്‍ നിന്നു നേടിയെടുത്തതും അതിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതും പിണറായി സര്‍ക്കാരിന്‍റെ പ്ലാറ്റിനം ജൂബിലി സമ്മാനമാണ്. ഇതില്‍ 300 കോടി രൂപ ആധുനിക ഉപകരണങ്ങള്‍ക്കായി മാത്രം നീക്കിവച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ അതിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍റര്‍, ഗവ.ഡെന്‍റല്‍ കോളേജ്, ഗവ.നഴ്സിംഗ് കോളേജ്, ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഎംഎ തിരുവനന്തപുരം ചാപ്റ്റര്‍, മെഡിക്കല്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ തുടങ്ങിയവ പങ്കാളികളാകും. ആരോഗ്യ പരിരക്ഷയിലെ കേരള മാതൃക കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മെഡിക്കല്‍ കോളേജിലെ മുന്‍ഗാമികളെ ആദരിക്കുന്നതിന് അനുസ്മരണ പ്രഭാഷണ പരമ്പരയും നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോണ്‍ പണിക്കര്‍ പറഞ്ഞു.  ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ പുതിയ യുഗം സൃഷ്ടിക്കാന്‍ ടിഎംസിയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ദിവസം 'വൈറോളജിയും ഇമ്മ്യൂണോളജിയും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ലോകപ്രശസ്ത വൈറോളജി വിദഗ്ധന്‍ പ്രൊഫ. റോബര്‍ട്ട് ഗാലോ (ബാര്‍ട്ടിമോര്‍, യുഎസ്എ) മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത വൈറോളജി വിദഗ്ധനും ടിഎംസി പൂര്‍വവിദ്യാര്‍ത്ഥിയുമായ ഡോ. ജേക്കബ് ജോണ്‍ (വെല്ലൂര്‍), പ്രൊഫ. ആന്‍ഡേഴ്സ് വാഹന്‍ (കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റോക്ക്ഹോം), ഡോ.ഗഗന്‍ദീപ് കാങ് (സിഎംസി, വെല്ലൂര്‍), ഡോ.ഹരി പരമേശ്വരന്‍, ഡോ.ശബരിനാഥ് രാധാകൃഷ്ണന്‍ (വിസ്കോന്‍സിന്‍, യുഎസ്എ) എന്നിവരും സംസാരിക്കും.

അമേരിക്കയില്‍ നിന്നുള്ള ടിഎംസി പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ ഡോ.സി എസ് പിച്ചുമണി പ്ലാറ്റിനം ജൂബിലി പ്രസംഗം നടത്തും. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. മാത്യു തോമസ്, അമേരിക്കയിലെ ക്ലീവ്ലാന്‍ഡിലെ ഡോ.നജീബ് ഒസ്മാന്‍, മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മുന്‍ മേധാവി ഡോ. കെ രാജശേഖരന്‍ നായര്‍, ഡോ. നിഷ നിജില്‍ (ടൊറന്‍റോ, കാനഡ),  ഡോ. വിനോദ് മേനോന്‍, ഡോ.നിജില്‍ ഹാറൂണ്‍ (ടൊറന്‍റോ, കാനഡ), ഡോ.ഫത്താഹുദീന്‍, (എച്ച്ഒഡി, പള്‍മണറി മെഡിസിന്‍, ടിഎംസി) എന്നിവര്‍ പ്രഭാഷണം നടത്തും.


സമാപന ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണിരാജു എന്നിവര്‍ മുഖ്യാതിഥികളാകും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ശശി തരൂര്‍ എംപി എന്നിവര്‍ സംസാരിക്കും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശിഷ്ടാതിഥി ആകുന്ന ചടങ്ങില്‍ സീനിയര്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്‍റ് ഡോ.ജോര്‍ജ് വര്‍ഗീസ്, ഡോ.തോമസ് മാത്യു, (മുന്‍ എച്ച്ഒഡി നെഫ്രോളജി, കോഴിക്കോട്)  ഡോ.ചെറിയാന്‍ വര്‍ഗീസ് (ഡബ്ല്യു എച്ച് ഒ), ഡോ. കെ രാമകൃഷ്ണ നായര്‍ (ടിഎംസി പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മുന്‍ എച്ച്ഒഡി) എന്നിവര്‍ സംസാരിക്കും.  

കരള്‍ രോഗങ്ങളും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഡോ. നരേന്ദ്രനാഥന്‍ എം (മുന്‍ എച്ച്ഒഡി, മെഡിക്കല്‍ ഗാസ്ട്രോ, ടിഎംസി ), ഡോ.രമേഷ് രാജന്‍ (എച്ച്ഒഡി, സര്‍ജിക്കല്‍ ഗാസ്ട്രോ, ടിഎംസി) എന്നിവര്‍ മോഡറേറ്റര്‍മാരാകും. ഡോ. സി എസ് പിച്ചുമണി (യുഎസ്എ), ഡോ. പോള്‍ ഗിബ്സ് (കേംബ്രിഡ്ജ്, യുകെ), ഡോ. സുഭാഷ്ഗുപ്ത (മാക്സ് ഹോസ്പിറ്റല്‍, ന്യൂഡല്‍ഹി), ഡോ. എസ് സുധീന്ദ്രന്‍ (എയിംസ്, കൊച്ചി), ഡോ. ഷബീറലി ടി യു (കിംസ്ഹെല്‍ത്ത്, തിരുവനന്തപുരം), ഡോ. ഡി കൃഷ്ണദാസ് (എച്ച്ഒഡി-എംജിഇ, ടി എം സി) എന്നിവര്‍ പങ്കെടുക്കും.

മൂന്നുമാസം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടിഎംസി പൂര്‍വവിദ്യാര്‍ത്ഥിയും അമേരിക്കയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രനാഥന്‍ 80 ലക്ഷം മുടക്കി നിര്‍മ്മിച്ച നോളജ് സെന്‍ററിന്‍റെ ഉദ്ഘാടനവും നടക്കും. സിഡിസി, ആര്‍സിസി, മെഡിക്കല്‍കോളേജ്, എസ്എടി, ശ്രീചിത്ര തുടങ്ങിയ ഇടങ്ങളില്‍ ചികിത്സയ്ക്കായി എത്തുന്ന കുട്ടികള്‍ക്ക് വേണ്ട ചികിത്സാ നിര്‍ദേശങ്ങളും തുടര്‍ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും നല്കുന്ന' തളിരുകള്‍' പദ്ധതിയുടെ ഉദ്ഘാടനവും മെഡിക്കല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.

പത്രസമ്മേളനത്തില്‍ ടിഎംസി പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, ഗവ.ഡെന്‍റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹര്‍ഷകുമാര്‍, കണ്‍വെന്‍ഷന്‍റെ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുല്‍ഫി എന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ പ്രൊഫ. രാജമോഹന്‍ എന്നിവരും പങ്കെടുത്തു.


 

Photo Gallery