കേരള ടൂറിസത്തിന്‍റെ ഓണ്‍ലൈന്‍ പൂക്കള മത്സര രജിസ്ട്രേഷന്‍ തുടങ്ങി

കേരള ടൂറിസത്തിന്‍റെ ഓണ്‍ലൈന്‍ പൂക്കള മത്സര രജിസ്ട്രേഷന്‍ തുടങ്ങി
Trivandrum / August 19, 2022

തിരുവനന്തപുരം:'വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം' എന്ന പ്രമേയത്തില്‍  കേരള ടൂറിസം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൂക്കള മത്സരത്തിന്‍റെ സീസണ്‍ 2 വിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് സന്നിഹിതനായിരുന്നു.
സെപ്റ്റംബര്‍ 16 വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുളള സമയം. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ  www.keralatourism.org  സന്ദര്‍ശിച്ചും   www.keralatourism.org/contest/pookkalam2022 എന്ന ലിങ്കു വഴിയും മത്സരത്തില്‍ പങ്കെടുക്കാം. വ്യക്തിഗതം, ഗ്രൂപ്പ് എന്നിങ്ങനെ കേരളത്തിന് അകത്തും പുറത്തുമായി നാല് വിഭാഗങ്ങളിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 
കോവിഡിന്‍റെ രൂക്ഷത കുറഞ്ഞതോടെ ഇടവേളയ്ക്കുശേഷം ഓണം വിപുലമായി ആഘോഷിക്കാനൊരുങ്ങുന്ന ലോകമെങ്ങുമുള്ള മലയാളികളെ മത്സരത്തിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പൂക്കള മത്സരത്തിന്‍റെ ആദ്യപതിപ്പിന് വലിയ പ്രതികരണമാണ് മലയാളികളില്‍ നിന്ന് ലഭിച്ചത്.

Photo Gallery

+
Content