കേരള- തമിഴ്നാട് തെക്കന്‍ ജില്ലകളിലെ വ്യോമഗതാഗതം മെച്ചപ്പെടുത്താന്‍ ട്രിവാന്‍ഡ്രം എയര്‍ലൈന്‍ ഉച്ചകോടി

വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് പ്രമുഖ വ്യോമയാന കമ്പനികള്‍
Trivandrum / August 31, 2022

തിരുവനന്തപുരം: തെക്കന്‍ കേരളത്തെയും തമിഴ്നാടിന്‍റെ അതിര്‍ത്തി ജില്ലകളെയും കേന്ദ്രീകരിച്ച് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ടിസിസിഐ) 'ടിവിഎം ആന്‍ഡ് കണക്ടിവിറ്റി' ഉച്ചകോടി സംഘടിപ്പിക്കുന്നു . രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനക്കമ്പനികളുടെ സിഇഒമാരാണ് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 

തിരുവനന്തപുരത്തിനും പുറത്തേക്കുമുള്ള വ്യോമയാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുളളത്. പരിപാടിയില്‍ ഡോ. ശശി തരൂര്‍ എം പി അധ്യക്ഷനായിരിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ട്രിവാന്‍ഡ്രം അജണ്ട ടാസ്ക് ഫോഴ്സ് (ടിഎടിഎഫ്) എവേക്ക് ട്രിവാന്‍ഡ്രം എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഹോട്ടല്‍ ഒ ബൈ താമരയില്‍ രണ്ടു മണിയ്ക്കാണ് പരിപാടി.

വന്‍കിട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ മുനമ്പ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ദ്രുതഗതിയില്‍ മാറുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തമിഴ്നാടിന്‍റെ അതിര്‍ത്തി ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിലാണ് ഉച്ചകോടി ശ്രദ്ധ വയ്ക്കുന്നതെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. ഈ മേഖലയില്‍ അനന്തമായ സാധ്യതകളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യന്‍ മേഖലയില്‍ വ്യോമയാന സൗകര്യങ്ങളുടെ കുറവ് വെല്ലുവിളിയാണ്. ടൂറിസവും യാത്രാസാധ്യതകളും കണക്കിലെടുത്ത് തിരുവനന്തപുരത്തെ എല്ലാമേഖലകളിലും മികച്ചതാക്കാന്‍  വ്യോമയാന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
              
ടെക്നോപാര്‍ക്കിന്‍റെ അടുത്തഘട്ട വികസനം, 78 കിമി ദൈര്‍ഘ്യമുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (ഒഎജിസി), വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നിയ ലൈഫ് സയന്‍സസ് പാര്‍ക്ക്, അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ലുലുമാള്‍, ടോറസ് പോലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേയ്ക്ക് കാര്യക്ഷമമായ വ്യോമയാന സൗകര്യം അത്യന്താപേക്ഷിതമാണെന്ന് ടിസിസിഐ പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. 

കന്യാകുമാരിയിലെ നിര്‍ദ്ദിഷ്ട ഐടി പാര്‍ക്ക്, തിരുനെല്‍വേലിയിലെ ഐഎസ്ആര്‍ഒയുടെ നിര്‍ദ്ദിഷ്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം, തിരുവനന്തപുരം-തിരുനെല്‍വേലി വ്യാവസായിക ഇടനാഴി  എന്നിവിടങ്ങളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമഗതാഗതം വര്‍ധിപ്പിക്കും. കൊവിഡിനു ശേഷം കുതിച്ചുയര്‍ന്ന കേരള ടൂറിസത്തിനു ഇത് ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ-പൗരപ്രമുഖര്‍ ഒരുമിച്ച് വ്യോമയാന സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും അത്തരത്തിലുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
                 
സംസ്ഥാന മന്ത്രിമാര്‍, എംപി മാര്‍, ഉന്നതോദ്യോഗസ്ഥര്‍, വാണിജ്യമേഖലയിലെ നേതൃനിര, വ്യവസായ സംഘടനകള്‍, പൗരപ്രമുഖര്‍ മുതലായവര്‍ ഉച്ചകോടിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, ജെറ്റ് എയര്‍വേസ്, എയര്‍ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, എയര്‍ ഏഷ്യ, ലുഫ്താന്‍സ എന്നിവയുള്‍പ്പെടെ 30-ല്‍ അധികം എയര്‍ലൈനുകളുടെ ഉന്നത ഉദ്യോഗസ്ഥരും  ഉച്ചകോടിയില്‍ പങ്കെടുക്കും. 

ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ്(ജോജി), ടിഎടിഎഫ് സെക്രട്ടറി കെ ശ്രീകാന്ത്, ടിസിസിഐ ജോയിന്‍റ് സെക്രട്ടറി സനല്‍ലാല്‍, എവേക്ക് ട്രിവാന്‍ഡ്രം സിഇഒ രഞ്ജിത് രാമാനുജം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ പ്രഭാത്കുമാര്‍ മഹാപത്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 


 

Photo Gallery

+
Content