മാന്നാറിലെ മില്‍മ പിആന്‍ഡ്ഐ ആസ്ഥാനമന്ദിരം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

മാന്നാറിലെ മില്‍മ പിആന്‍ഡ്ഐ ആസ്ഥാനമന്ദിരം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
Alleppey / September 3, 2022

ആലപ്പുഴ: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) മാന്നാര്‍ പി ആന്‍ഡ് ഐ ഓഫീസിനായി പണി കഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

ക്ഷീരകര്‍ഷകര്‍ 2022 ജൂലൈ മുതല്‍ സംഘത്തില്‍ നല്‍കിയ പാലിന് ലിറ്ററിന് നാലുരൂപ വീതം ഇന്‍സെന്‍റീവ് നല്‍കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2023 മാര്‍ച്ച് വരെ  ഇന്‍സെന്‍റീവ് തുടരും. കൂടാതെ ഓണക്കാല ഇന്‍സെന്‍റീവായി, കര്‍ഷകര്‍ 2022 ജൂണ്‍ മാസം നല്‍കിയ പാലിന് ഒരു രൂപ വീതം മില്‍മയില്‍ നിന്നും നല്‍കുകയുണ്ടായി.

മൃഗചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി എല്ലാ ബ്ലോക്കുകളിലും ശസ്ത്രക്രിയാ സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് ഉള്‍പ്പെടെ ഡോക്ടറുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. പ്രകൃതിക്ഷോഭത്താലും മറ്റു രോഗങ്ങളാലും പശുക്കള്‍ മരണപ്പെടുന്നതു മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കാലിത്തീറ്റയുടെ വിലവര്‍ധന തടയുന്നതിനായി അസംസ്കൃതവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പാലക്കാട് ജില്ലയില്‍ വിപുലമായ രീതിയില്‍ ചോളകൃഷി ആരംഭിച്ചിട്ടുണ്ട്. കേരളാ ഫീഡസ്, മില്‍മ ഫാക്ടറികളില്‍ നിന്നും ഗുണനിലവാരം ഉറപ്പുവരുത്തിയ കാലിത്തീറ്റ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 

മായം കലര്‍ന്ന പാല്‍ സംസ്ഥാനത്തേക്കെത്തുന്നത് തടയുന്നതിന് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന പാലില്‍ യൂറിയയുടെ അംശം കൂടുതലായി കാണപ്പെടുന്നതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ചിഞ്ചുറാണി വ്യക്തമാക്കി. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പാല്‍വില കൂട്ടുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ അധ്യക്ഷത വഹിച്ചു. മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി വി രത്നകുമാരി, ടിആര്‍സിഎംപിയു എം ഡി ഡി എസ് കോണ്ട, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ ആര്‍ മോഹനന്‍പിള്ള, വി എസ് പദ്മകുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം വത്സല മോഹന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ബി കെ പ്രസാദ്, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം സുജിത്ത് ശ്രീരംഗം, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

Photo Gallery

+
Content
+
Content