ഗര്‍ഭാശയ അര്‍ബുദത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ വാക്സിന് നിര്‍ണായക പരീക്ഷണ സഹായം നല്‍കി ആര്‍ജിസിബി

സെര്‍വാവാക്സ് വാക്സിന്‍റെ ഫലപ്രാപ്തി ആര്‍ജിസിബി ലാബില്‍ നിര്‍ണയിച്ചു
Trivandrum / September 4, 2022

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെര്‍വാവാക്സിന്‍റെ  ഫലപ്രാപ്തി നിര്‍ണ്ണയിച്ചതില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) ഗണ്യമായ സംഭാവനയാണ് നല്‍കിയത് രാജ്യത്തെ സ്ത്രീകളില്‍ ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള രണ്ടാമത്തെ അര്‍ബുദരോഗമാണിത്.

കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ന്യൂഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒന്നിന് ക്വാഡ്രിവാലന്‍റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (ക്യുഎച്പിവി) വാക്സിന്‍റെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ കാര്യം പ്രഖ്യാപിച്ചത്. ഗര്‍ഭാശയ അര്‍ബുദം ഏറെക്കുറെ പ്രതിരോധിക്കാനാവുന്നതാണെങ്കിലും  ലോകത്തിലെ നാലിലൊന്നോളം മരണങ്ങള്‍ ഇതു മുഖേനയാണ്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 1.25 ലക്ഷം സ്ത്രീകള്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭാശയ അര്‍ബുദം ബാധിച്ച്, 75,000-ത്തിലധികം പേര്‍ മരിക്കുന്നുമുണ്ട്. രാജ്യത്ത് 83 ശതമാനം ഇന്‍വേസീവ് സെര്‍വിക്കല്‍ ക്യാന്‍സറിനും കാരണം എച്പിവി16 ഉം എച്പിവി 18 ഉം ആണ്. ലോകമാകെ ഇത് 70 ശതമാനം വരും.

ഇന്ത്യയിലെ ആദ്യ ഗര്‍ഭാശയ അര്‍ബുദ മരുന്നായ സെര്‍വാവാക്സിന്‍റെ ഫലപ്രാപ്തി തെളിയിക്കാനായി തിരുവനന്തപുരം ആര്‍ജിസിബിയിലെ അത്യാധുനിക ലബോറട്ടറിയില്‍ കര്‍ശനമായ പരീക്ഷണങ്ങള്‍ക്കാണ് സൗകര്യമൊരുക്കിയത്.

ഗര്‍ഭാശയ ക്യാന്‍സര്‍ ഇല്ലാതാക്കാനുള്ള രാജ്യത്തിന്‍റെ  നിശ്ചയദാര്‍ഢ്യത്തോടെയുള്ള ശ്രമങ്ങള്‍ക്കു ശാസ്ത്രീയകാര്യ പങ്കാളിയെന്ന നിലയില്‍ ആര്‍ജിസിബി നിസ്തുലമായസംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്ന് ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. എച്പിവി പരിശോധനയ്ക്കുള്ള ആര്‍ജിസിബി ലബോറട്ടറി ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള അന്തര്‍ദേശീയ നിലവാരത്തിലുള്ളതാണ്.

രാജ്യതലസ്ഥാനത്ത് നടന്ന ലോഞ്ചിങ് യോഗത്തില്‍, എച്ച്പിവി രോഗനിര്‍ണയത്തില്‍ ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ചും ഈ രംഗത്തുള്ള ഭാവിസാധ്യതകളും സംബന്ധിച്ചു സംസാരിക്കാനായി വിദഗ്ധനെന്ന നിലയില്‍ ആര്‍ജിസിബിയിലെ പ്രോജക്റ്റിന്‍റെ ചുമതലയുള്ള ശാസ്ത്രജ്ഞ ഡോ. ദേവസേന അനന്തരാമനെ ക്ഷണിച്ചിരുന്നു. ഗര്‍ഭാശയ അര്‍ബുദം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടി എച്ച്പിവിക്കെതിരെയുള്ള വാക്സിനേഷനാണെന്ന് ഡോ. അനന്തരാമന്‍ പറഞ്ഞു.

വാക്സിനുകള്‍ സ്വാഭാവികമായ അണുബാധയെ അനുകരിക്കുന്നതിനാല്‍ അതിന്‍റെ തുടര്‍ച്ചയെന്നോണം അതിനനുസരിച്ചുള്ള ആന്‍റിബോഡികള്‍ക്കു രൂപം നല്‍കുന്നു. ക്യുഎച്പിവി വാക്സിന്‍റെ കാര്യത്തിലും, വാക്സിനിലുള്ള  ഓരോ തരം എച്ച്പിവിക്കെതിരെയും രൂപമെടുക്കുന്ന ആന്‍റിബോഡികള്‍ കണക്കാക്കിയാണ് ഫലപ്രാപ്തി അളക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.


എച്പിവി വാക്സിനേഷന്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കാണ് നല്‍കുന്നത്. എച്പിവി അണുബാധ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണ്ടാകുന്നത്. ഏതാണ്ടു നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട ശേഷം തുടര്‍ച്ചയായ അണുബാധ  മൂലമാണ് കാന്‍സര്‍ ഉണ്ടാവുക.

അതിനാല്‍, കുത്തിവയ്പെടുക്കുന്നവരില്‍ എച്പിവി അണുബാധയുടെ തോത് കണക്കാക്കുക എന്നതാണ് വാക്സിന്‍ ഫലപ്രാപ്തി അറിയാനുള്ള നടപടികളിലൊന്ന്. സെര്‍വാവാക്സിന്‍റെ കാര്യത്തില്‍, വാക്സിനേഷന്‍ എടുത്ത വ്യക്തികളില്‍ എച്പിവി  6, 11, 16, 18 അണുബാധകളുടെ നിരക്ക് വളരെ കുറവായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വിശദീകരിച്ചു.

താങ്ങാനാവുന്നതും ചെലവ് കുറഞ്ഞതുമായ അര്‍ബുദമരുന്ന് വികസിപ്പിക്കുന്നത്, ഇന്ത്യയിലെയും ലോകത്തെയും സ്ത്രീകളെവലിയ തോതില്‍ സഹായിക്കും. കൊവിഡിനെതിരെ ആദ്യത്തെ എംആര്‍എന്‍എ വാക്സിനും ഇന്‍ട്രാനേസല്‍ വാക്സിനും ഇന്ത്യ വികസിപ്പിച്ചെടുത്തതിനു പിന്നാലെയാണ് ഈ നേട്ടവും.

Photo Gallery