ഓണക്കാല വില്‍പ്പനയില്‍ ചരിത്രനേട്ടവുമായി തിരുവനന്തപുരം മില്‍മ

ഓണദിവസങ്ങളില്‍ വിറ്റത് 31,42,931 ലിറ്റര്‍ പാലും 2,49,319 കിലോഗ്രാം തൈരും
Trivandrum / September 9, 2022

തിരുവനന്തപുരം: പാല്‍, തൈര്, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഓണക്കാലത്ത് റെക്കോര്‍ഡ് നേട്ടവുമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു). 31,42,931 ലിറ്റര്‍ പാലും 2,49,319 കിലോഗ്രാം തൈരുമാണ് തൃക്കേട്ട മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ വിറ്റത്. 363 മെട്രിക് ടണ്‍ നെയ്യും മറ്റ് ഉത്പന്നങ്ങളും ഈ ദിവസങ്ങളില്‍ വില്‍ക്കാനായി. ഉത്പന്നങ്ങളുടെ വിറ്റുവരവ് 32 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ 24 കോടിയേക്കാള്‍ 37 ശതമാനം കൂടുതലാണ്.

ഉത്രാട ദിവസത്തെ പാല്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30.47 ശതമാനവും തൈരിന്‍റെ വില്‍പ്പനയില്‍ 70.46 ശതമാനവും വര്‍ധനവാണ് മേഖല യൂണിയന് കൈവരിക്കാനായത്. 

പാലിന്‍റെ വില്‍പ്പനയിലും ഉത്പന്നങ്ങളുടെ വിറ്റുവരവിലും സര്‍വകാല റെക്കോര്‍ഡാണ് മേഖല കൈവരിച്ചതെന്ന് ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, മാനേജിങ് ഡയറക്ടര്‍ ഡി എസ് കോണ്ട എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം ഡെയറി ഉത്രാട ദിവസം 5,06,998 ലിറ്റര്‍ പാലും 80,435 കിലോ തൈരും വിറ്റ് കേരളത്തില്‍ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം 4,29,800 ലിറ്റര്‍ പാലും 34,017 കിലോ തൈരുമാണ് വിറ്റത്. പാലിന്‍റെ വില്‍പ്പനയില്‍ 18.21 ശതമാനവും തൈരിന്‍റെ വില്‍പ്പനയില്‍ 136.39 വര്‍ധനവാണ് തിരുവനന്തപുരം ഡെയറി കൈവരിച്ചത്.

ഓണത്തിന് പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കുമുള്ള അധിക വില്‍പ്പന പരിഗണിച്ച് തിരുവനന്തപുരം മേഖല യൂണിയന്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരുന്നത്. അധിക വില്‍പ്പന ക്രമീകരിക്കുവാന്‍ മേഖല യൂണിയന്‍റെ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മില്‍മ നേരിട്ട് നടത്തുന്ന സ്റ്റാളുകളും ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും രാവിലെ 5 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിച്ചു.

ഓണവിപണി ലക്ഷ്യമാക്കി ഉപഭോക്താക്കള്‍ക്കും ക്ഷീരോല്‍പ്പാദകര്‍ക്കും ഏജന്‍സികള്‍ക്കും വിതരണക്കാര്‍ക്കും പ്രയോജനകരമായ നിരവധി വില്‍പ്പന പ്രോത്സാഹന പദ്ധതികളാണ് മേഖല യൂണിയന്‍ നടപ്പിലാക്കിയത്. 

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ റെക്കോര്‍ഡ് നേട്ടം സാധ്യമാക്കിയ മില്‍മ ജീവനക്കാരോടും ക്ഷീരകര്‍ഷകരോടും ഏജന്‍സികളോടും ട്രേഡ് യൂണിയനുകളോടും വിതരണ വാഹന ജീവനക്കാരോടും ഉപഭോക്താക്കളോടും ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, മാനേജിങ് ഡയറക്ടര്‍ ഡി എസ് കോണ്ട എന്നിവര്‍ നന്ദി അറിയിച്ചു. മില്‍മയുടെ പുരോഗതിക്കായി നിലകൊള്ളുന്ന കേരള സര്‍ക്കാരും ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയും നല്‍കിയ പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
 

Photo Gallery