ഐഡിഎഫ് ആഗോള ക്ഷീര ഉച്ചകോടിയില്‍ ശ്രദ്ധേയമായി മില്‍മ

മില്‍മ ചെയര്‍മാനും മേഖലാ യൂണിയന്‍ മേധാവികളും പങ്കെടുക്കുന്നു
Trivandrum / September 12, 2022

തിരുവനന്തപുരം: ഇന്‍ര്‍നാഷണല്‍ ഡെയറി ഫെഡറേഷന്‍റെ (ഐഡിഎഫ്) ആഗോള ക്ഷീര ഉച്ചകോടിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡെയറി ശൃംഖലകളിലൊന്നായ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍റെ (മില്‍മ) സാന്നിധ്യം ശ്രദ്ധേയമാകുന്നു. ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ഉച്ചകോടിയില്‍ മില്‍മയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ കെ എസ് മണിയുടെ നേതൃത്വത്തില്‍ മേഖലാ യൂണിയനുകളുടെ ചെയര്‍മാന്‍മാരും ഉന്നത ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും ഫെഡറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ട്. 

ക്ഷീരമേഖലയെക്കുറിച്ചുള്ള അറിവും ആശയങ്ങളും പങ്കുവയ്ക്കുന്ന നാല് ദിവസത്തെ ഉച്ചകോടി 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നടക്കുന്നത്. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംരംഭങ്ങളും പ്രദര്‍ശിപ്പിക്കുന്ന ആകര്‍ഷകമായ പവലിയനും മില്‍മ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തും ലോകമെമ്പാടും ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കാനുതകുന്ന അര്‍ഥവത്തായ ചര്‍ച്ചകള്‍ ഐഡിഎഫ് ഉച്ചകോടിയില്‍ ഉണ്ടാകണമെന്നാണ് ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ.വര്‍ഗീസ് കുര്യന്‍റെ ജന്മനാട്ടിലെ പ്രധാന ക്ഷീരസഹകരണ സംഘമായ മില്‍മ ആഗ്രഹിക്കുന്നതെന്ന് ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. 

ആഗോള ക്ഷീരമേഖലയുടെ വാര്‍ഷികയോഗമായ ഐഡിഎഫ് ഉച്ചകോടിയില്‍ 1500-ലധികം പ്രതിനിധികള്‍ പങ്കെടുക്കും. പാല്‍ സംസ്കരണ കമ്പനികളുടെ സിഇഒമാരും മുതിര്‍ന്ന ജീവനക്കാരും ക്ഷീരകര്‍ഷകരും ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ട വിതരണക്കാരുടെ പ്രതിനിധികളും അക്കാദമിക് വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും സാങ്കേതിക വിദഗ്ധരും ഇതില്‍പ്പെടും. 

സുരക്ഷിതവും സുസ്ഥിരവുമായ ക്ഷീരവികസനത്തിലൂടെ ലോകത്തെ പോഷിപ്പിക്കുന്നതിന് ക്ഷീരമേഖലയ്ക്ക് എങ്ങനെ സംഭാവന നല്‍കാനാകുമെന്ന് ഉച്ചകോടി ചര്‍ച്ചചെയ്യും. 


 

Photo Gallery

+
Content
+
Content