കുട്ടികള്‍ക്കിടയിലെ ഭാഷാ പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് വിദഗ്ധര്‍

കുട്ടികള്‍ക്കിടയിലെ ഭാഷാ പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് വിദഗ്ധര്‍
Trivandrum / September 17, 2022

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് ഓഡിയോളജിക്കല്‍ പ്രാക്ടീസസ് വിഷയത്തില്‍ നടന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഭാഷാ പരിമിതികള്‍ പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് സമ്മേളനത്തിന്‍റെ സമാപനദിവസം ചര്‍ച്ച ചെയ്തു.

മെച്ചപ്പെട്ട രോഗനിര്‍ണയത്തിനായി ഓരോ കുട്ടിയുടെയും കേള്‍വി സംബന്ധമായ ആവശ്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിയോണ്ട് ലാംഗ്വേജ് ലേണിംഗ് എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളുരുവിലെ ഡൈമന്‍ഷന്‍സ് സെന്‍റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് സ്ഥാപകയും ഡയറക്ടറുമായ ചിത്ര തടത്തില്‍ പറഞ്ഞു. കുട്ടികളുടെ ഭാഷാ പരിമിതികളിലെ പുതിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രീയ തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാസമ്പ്രദായങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.

ആശയവിനിമയ പരിമിതികള്‍ പരിഹരിക്കാന്‍ യോജിച്ച മാനേജ്മെന്‍റ് സംവിധാനം ആവശ്യമാണെന്ന് ദുബായ് അല്‍ നൂര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ടീച്ചിംഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കാര്‍ല സുമേഷ് പറഞ്ഞു.

കുട്ടികളില്‍ സ്ക്രീന്‍ സമയം കൂടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആവശ്യമാണെന്ന് ന്യൂ മെക്സിക്കോയിലെ ബൈലിന്‍ഗ്വല്‍ മള്‍ട്ടി കള്‍ച്ചറല്‍ സര്‍വീസസ്, സിസിസി സ്പീച്ച്-ലാംഗ്വേജ് പാത്തോളജി യിലെ ഡോ. കരോള്‍ വെസ്റ്റ്ബി പറഞ്ഞു.

സമ്മേളനത്തിലെ ക്രിയാത്മകമായ ചര്‍ച്ചകളില്‍ 300-ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോ ഡെവലപ്മെന്‍റല്‍ സയന്‍സസ് എന്നിവ സംയുക്തമായാണ് നിഷില്‍ സമ്മേളനം സംഘടിപ്പിച്ചത്.

ആശയവിനിമയ പരിമിതിയുള്ളവരെ ആശങ്കപ്പെടുത്തുന്ന പുതിയ പ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍, ഈ മേഖലയിലെ മുന്നേറ്റങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

Photo Gallery

+
Content