സിബിഎല്‍: പകരം വീട്ടി പിബിസി തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍
പുളിങ്കുന്നാറ്റില്‍ ആവേശം വിതറി സിബിഎല്‍ മൂന്നാം മത്സരം
Alleppey / September 24, 2022
ആലപ്പുഴ: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന്‍റെ മൂന്നാം മത്സരത്തില്‍ പകരത്തിനു പകരം ചോദിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. ആലപ്പുഴ പുളിങ്കുന്നാറ്റില്‍ എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം തുഴഞ്ഞ(മൈറ്റി ഓര്‍സ്)നടുഭാഗം ചുണ്ടനെ ഹീറ്റ്സിലും ഫൈനലിലും തറപറ്റിച്ചാണ് (3.49.51 മിനിറ്റ്) മഹാദേവിക്കാട് വീണ്ടും പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയത്. അവസാന പത്തു മീറ്ററില്‍ അവിശ്വസനീയമായ മുന്നേറ്റം നടത്തി പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ (റിപ്പിള്‍ ബ്രേക്കേഴ്സ്)വീയപുരം പുളിങ്കുന്നില്‍ രണ്ടാമതായി തുഴഞ്ഞെത്തി.
പുളിങ്കുന്നാറ്റില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഹീറ്റ്സ് മുതല്‍ തന്നെ തുഴകളില്‍ തീപാറുന്ന മത്സരമാണ് നടന്നത്. രണ്ടാം ഹീറ്റ്സില്‍ ആദ്യസ്ഥാനങ്ങള്‍ പങ്കിട്ടിരുന്ന നടുഭാഗവും മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും കാരിച്ചാലുമാണ് മത്സരിച്ചത്. ഏറ്റവും മികച്ച സമയത്തോടെ ഹീറ്റ്സില്‍ ഒന്നാമതെത്തി പിബിസി (മഹാദേവിക്കാട്) തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കി. ഹീറ്റ്സില്‍ കാണിച്ച മികവ് ഫൈനലില്‍ പുറത്തെടുക്കാന്‍ നടുഭാഗ(എന്‍സിഡിസി)ത്തിനായില്ല. വീയപുരമാകട്ടെ ആദ്യമായി ലീഗ് മത്സരത്തില്‍ അഞ്ച് മൈക്രോസെക്കന്‍റുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും(3.51.26 മിനിറ്റ്) ചെയ്തു. 3.51.31 മിനിറ്റ് കൊണ്ട് നടുഭാഗം (എന്‍സിഡിസി) മൂന്നാമതായി ഫിനിഷ് ചെയ്തു.
മൂന്ന് സിബിഎല്‍ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 29 പോയിന്‍റുകളുമായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി. എന്‍സിഡിസി നടുഭാഗം ചുണ്ടന്‍ 27 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. 24 പോയിന്‍റുകളോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്.
സംസ്ഥാന സര്‍ക്കാരന്‍റെ ചീഫ് വിപ്പ് പ്രൊഫ. എന്‍ ജയരാജ് രാജീവ് ഗാന്ധി വള്ളം കളിയും സിബിഎല്‍ മൂന്നാം മത്സരങ്ങളും ഉദ്ഘാടനം ചെയ്തു.കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് അധ്യക്ഷനായിരുന്നു. ആലപ്പുഴ ജില്ലാകളക്ടര്‍ വി ആര്‍ കൃഷ്ണതേജ സമ്മാനദാനം നടത്തി.
കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം(നാല്-20 പോയിന്‍റ്), വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാട്(അഞ്ച്-18 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) കാരിച്ചാല്‍(ആറ്-16 പോയിന്‍റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത്(ഏഴ്- 12 പോയിന്‍റ്), കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി(എട്ട്- എട്ട് പോയിന്‍റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവാസ്(ഒമ്പത്- ഏഴ് പോയിന്‍റ്) എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.
ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും അധികമായി ലഭിക്കും.
പിറവം, എറണാകുളം (ഒക്ടോബര്‍ ഒന്ന്), മറൈന്‍ ഡ്രൈവ് എറണാകുളം (ഒക്ടോബര്‍ എട്ട്), കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 15), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 22), താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്),കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.