വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുസ്ഥിര പരിപാലനം പ്രധാനം: മന്ത്രി റിയാസ്

ലോക ടൂറിസം ദിനത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു
Trivandrum / September 27, 2022

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിലും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുസ്ഥിര പരിപാലനം പ്രധാനമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പരിപാലനം ഒറ്റ ദിവസത്തില്‍ മാത്രം ചുരുക്കേണ്ടതല്ല. അത് ഒരു തുടര്‍പ്രവര്‍ത്തനമായി ഏറ്റെടുത്തുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ ആകര്‍ഷണീയമായി നിലനിര്‍ത്തുകയും ഇതിലൂടെ ടൂറിസത്തിന്‍റെ വളര്‍ച്ച സാധ്യമാക്കുകയും ചെയ്യണം. ഇതു സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ കലാലയ വിദ്യാര്‍ഥികള്‍ അംഗങ്ങളായ ടൂറിസം ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നും ശുചിത്വമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുക്കാനും സന്ദര്‍ശിക്കാനുമാണ് സഞ്ചാരികള്‍ കൂടുതല്‍ താത്പര്യം കാണിക്കുകയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ശുചിത്വവുമായി ബന്ധപ്പെട്ട സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കാന്‍ ടൂറിസം കേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ മികച്ച ശുചിത്വ മാതൃകയാക്കാന്‍ ടൂറിസം ക്ലബ്ബിന്‍റെ നേതൃത്വത്തിലുള്ള പരിപാലന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് മുഖ്യാതിഥിയായ എ എ റഹീം എം പി പറഞ്ഞു. 


ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു ബി എസ്, ഡിടിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ആന്‍റണി രാജു, എ എ റഹീം എം പി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പം ശംഖുമുഖം ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.


ടൂറിസം വകുപ്പിന്‍റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെയും ടൂറിസം ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ദിനാചരണത്തിന്‍റെ ഭാഗമായി ടൂറിസം ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ശംഖുമുഖത്ത് മാലിന്യസംസ്കരണ ബോധവത്കരണത്തിന്‍റെ ആശയം പ്രചരിപ്പിച്ച് ഫ്ളാഷ് മോബും കനകക്കുന്നില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. 
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ എല്ലാ യൂണിറ്റുകളിലും സെപ്റ്റംബര്‍ 27 മുതല്‍ മാലിന്യരഹിത വിനോദസഞ്ചാര കേന്ദ്രം എന്ന ആശയം മുന്‍നിര്‍ത്തി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തും.
 

Photo Gallery

+
Content
+
Content
+
Content