ഇന്ത്യയിലെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖലയുമായി അഗ്രോ-ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്

വാഴപ്പഴ കയറ്റുമതി വര്‍ധനയും കര്‍ഷകര്‍ക്ക് ഉയര്‍ന്ന ആദായവും ലക്ഷ്യം
Trivandrum / October 6, 2022

തിരുവനന്തപുരം: വാഴപ്പഴ കര്‍ഷകരെയും വ്യാപാരികളെയും കയറ്റുമതിക്കാരെയും ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിതരണ ശൃംഖലയുമായി അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക്. വാഴപ്പഴ കയറ്റുമതി വര്‍ധനയും കര്‍ഷകര്‍ക്ക് ഉയര്‍ന്ന ആദായവും ലക്ഷ്യമിടുന്ന ഗ്രീനിക്ക് ഇതിനായുള്ള ആദ്യന്ത വിതരണ ശൃംഖല ഒരുക്കും. ഇന്ത്യന്‍ വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയൊരുക്കാനും കേരളം ആസ്ഥാനമായ ഈ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നു.

യുവ ടെക്കികളായ ഫാരിഖ് നൗഷാദും പ്രവീണ്‍ ജേക്കബും ചേര്‍ന്ന് സ്ഥാപിച്ച ഗ്രീനിക്ക് കര്‍ഷകര്‍, വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ബി 2 ബി ബയേഴ്സ് എന്നിവരെ ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈസ്റ്റ് ആഫ്രിക്ക ആസ്ഥാനമായുള്ള ഐടി സോഫ്റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പിന്‍റെ മുന്‍ പ്രൊമോട്ടര്‍മാരാണ് ഇരുവരും.

കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവയുള്‍പ്പെടെ പ്രധാന വാഴപ്പഴ ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ ഗ്രീനിക്കിന്‍റെ സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിത്തുകള്‍, കൃഷി, കാലാവസ്ഥ, ഇന്‍ഷുറന്‍സ് പരിരക്ഷ, ധനസഹായം, വിപണി തുടങ്ങി ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ടുള്ള ഉപദേശവും പിന്തുണയും ഗ്രീനിക്ക് കര്‍ഷകര്‍ക്ക് നല്‍കും. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ സമാനമായ കേന്ദ്രങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ഇന്ത്യയിലുടനീളം ഇത് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

വിളവെടുപ്പിന് ശേഷമുള്ള വാഴത്തൈകളുടെ തണ്ടുകള്‍ പ്രകൃതിദത്ത നാരുകളാക്കി മാറ്റാനും ബാക്കിയുള്ളവ വളമോ കോഴിത്തീറ്റയോ ആയി പുനരുല്‍പ്പാദിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും വിളവെടുപ്പിനു ശേഷം ഏകദേശം 20 കോടിയോളം വാഴത്തണ്ടുകള്‍ കത്തിനശിക്കുകയോ പാഴാകുകയോ ചെയ്യുന്നുണ്ടെന്ന് ഗ്രീനിക്ക് പ്രൊമോട്ടര്‍മാര്‍ പറഞ്ഞു. പാഴായിപ്പോകുന്ന വസ്തുക്കളുടെ മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനാണ് ഗ്രീനിക്ക് ലക്ഷ്യമിടുന്നത്. കൂടാതെ വായു മലിനീകരണം തടയാനും ഇത് സഹായിക്കും.

ഇത്തരമൊരു സംരംഭത്തിനായി എന്തുകൊണ്ടാണ് മറ്റ് പഴങ്ങളില്‍ നിന്നും വാഴപ്പഴം തെരഞ്ഞെടുത്തതെന്ന ചോദ്യം പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഫാരിഖും പ്രവീണും പറഞ്ഞു. കര്‍ഷകര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിച്ചതില്‍ നിന്ന് വാഴപ്പഴത്തിന് മൂല്യവര്‍ധിത ഉത്പന്നങ്ങളിലും കയറ്റുമതിയിലും ഏറെ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനായെന്നും ഇവര്‍ പറഞ്ഞു.

ലോകത്തിലെ വാഴപ്പഴ ഉല്‍പ്പാദനത്തിന്‍റെ 25 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്‍റെ കയറ്റുമതി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ എട്ട് മടങ്ങ് വര്‍ധിച്ചു. 2020 ല്‍ ഇന്ത്യ 32.6 ദശലക്ഷം ടണ്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിച്ചതായി നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ ബനാന (എന്‍ആര്‍സിബി) റിപ്പോര്‍ട്ട് ചെയ്യുന്നു. 9.6 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. 10 ദശലക്ഷത്തിലധികം ഓഹരി ഉടമകളും ഉണ്ട്. ആഭ്യന്തര വിപണി ഏകദേശം 18 ബില്യണ്‍ ഡോളറാണ്.

യുഎസ്എ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയുടെ വാഴപ്പഴ ഉല്‍പ്പാദനത്തിന്‍റെ മൂന്നിലൊന്ന് മാത്രമേയുള്ളൂവെങ്കിലും ആഗോളതലത്തില്‍ വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഭൂരിഭാഗവും ഈ  രാജ്യങ്ങളുടെ ഉടമസ്ഥതയിലാണ്. വാഴപ്പഴ കയറ്റുമതിയില്‍ വലിയ സാധ്യതയുള്ള ഇന്ത്യക്ക് വാഴപ്പഴത്തില്‍ നിന്നുള്ള ലഘുഭക്ഷണങ്ങള്‍, പോഷക, ആരോഗ്യദായക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ആഗോള വിപണി പിടിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആഗോളതലത്തില്‍ ശക്തമായ വിതരണ ശൃംഖലയില്‍ ഇന്ത്യന്‍ വാഴപ്പഴത്തിന് ഇടം നേടിക്കൊടുക്കുകയും അതിന്‍റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രീനിക്ക് സ്ഥാപകര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ കാര്‍ഷിക സമ്പ്രദായത്തിലെ പോരായ്മകള്‍ വാഴപ്പഴത്തിന്‍റെ കയറ്റുമതി സാധ്യതയ്ക്ക് തടസ്സമാണ്. വിവിധ പങ്കാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വാഴപ്പഴത്തിന്‍റെ മൂല്യവര്‍ധിത ഉല്‍പ്പന്ന വിപണന സാധ്യതയിലെ അപാകതകള്‍ ഇല്ലാതാക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചതെന്നും ഇവര്‍ പറഞ്ഞു.

പ്രകൃതിസൗഹൃദവും വൃത്തിയുള്ളതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫാരിഖും പ്രവീണും പ്ലാസ്റ്റിക്ക് സ്ട്രോയ്ക്കും പേപ്പര്‍ സ്ട്രോയ്ക്കും ബദലായി പപ്പായത്തണ്ട് കൊണ്ടുള്ള സ്ട്രോ എന്ന ആശയം വിജയകരമായി മുന്നോട്ടുവച്ചിട്ടുണ്ട്. 2020 ജനുവരിയില്‍ ടാറ്റ സോഷ്യല്‍ എന്‍റര്‍പ്രൈസ് ചലഞ്ചില്‍ ഈ ഉല്‍പ്പന്നം ഇവര്‍ക്ക് ബഹുമതി നേടിക്കൊടുത്തു. ചലഞ്ചിന്‍റെ ഫൈനലില്‍ എത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമായി മാറാനും ഇവര്‍ക്കായി.

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കൃഷിത്തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നഗരത്തിലെ അപ്പാര്‍ട്ടുമെന്‍റുകളിലും വീടുകളിലും നേരിട്ട് എത്തിക്കുന്ന ഒരു ട്രക്ക് സ്റ്റോര്‍ (ഫാമി) ഇവര്‍ നടത്തിയിരുന്നു.
 

Photo Gallery

+
Content