കേരളത്തെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദ ടൂറിസം ലക്ഷ്യസ്ഥാനമാക്കും: മന്ത്രി റിയാസ്

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി
Trivandrum / October 26, 2022

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കിയിട്ടുള്ള വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുള്ള സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ത്രീസൗഹാര്‍ദ്ദ ടൂറിസം പദ്ധതിയുടെയും ശില്‍പ്പശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 


പൊതുവേ സ്ത്രീസഞ്ചാരികള്‍ക്ക് സുരക്ഷിതമായ ലക്ഷ്യസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളം സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദ കേന്ദ്രമായി മാറും. കേരളത്തിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങള്‍ സ്ത്രീസഞ്ചാരികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. രാജ്യത്ത് ഇത്തരമൊരു പദ്ധതി ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നത്. 


സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി കേവലം ഒരു ടൂര്‍ പാക്കേജ് മാത്രമല്ല. ടൂറിസത്തിലെ വിവിധ മേഖലകളില്‍ സാധാരണ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് സ്ത്രീസഞ്ചാരികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ്. പദ്ധതിയിലൂടെ സുരക്ഷിതവും ശുചിത്വവുമുള്ള സ്ഥലങ്ങളും ലക്ഷ്യസ്ഥാനങ്ങളും ഉത്തരവാദിത്ത മിഷന്‍ ഉറപ്പാക്കും. ഒറ്റയ്ക്കും കൂട്ടമായുമുള്ള സ്ത്രീകളുടെ യാത്രയുടെ കുതിപ്പിന് ലോകമെമ്പാടും സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനനുസൃതമായി മാറേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    


വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന വനിതാ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ടൂറിസം മേഖലയുടെ മുഖച്ഛായയ്ക്കു തന്നെ മാറ്റം വരുത്താനാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷിതയാത്ര സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരമായ സംവാദങ്ങളിലൂടെ പ്രശ്നപരിഹാരം കാണേണ്ടതുണ്ട്. സോളോ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും ആശ്രയിക്കാവുന്നതും ശുചിത്വമുള്ളതുമായ ലക്ഷ്യസ്ഥാനങ്ങള്‍ ഉറപ്പാക്കുന്നത് പ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ യു എന്‍ വിമണ്‍ ഡെപ്യൂട്ടി റെപ്രസന്‍റേറ്റീവ് കാന്താ സിംഗ് പറഞ്ഞു. 'ജെന്‍ഡര്‍ ഇന്‍ക്ലുസിവ് ടൂറിസ'ത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷനുമായി ധാരണാപത്രം ഒപ്പിടുമെന്നും കാന്താസിംഗ് പറഞ്ഞു.


നിലവില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ 80 ശതമാനം യൂണിറ്റുകളും സ്ത്രീകള്‍ നയിക്കുന്നവയാണെന്ന് പദ്ധതി അവതരണം നടത്തി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്കുമാര്‍ പറഞ്ഞു. സാധാരണക്കാരായ സ്ത്രീകളെ കൂടുതലായി ടൂറിസം രംഗത്തേക്ക് ആകര്‍ഷിച്ചുകൊണ്ട് ഈ മേഖലയിലെ സ്ത്രീപങ്കാളിത്തം ഉയര്‍ത്തുന്നതിനും, സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നാളുകളായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിവരികയാണെന്നും രൂപേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.


കെടിഡിസി എംഡി വി വിഘ്നേശ്വരി, ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന ശില്‍പ്പശാലയില്‍ 'സ്ത്രീസൗഹാര്‍ദ്ദ യാത്രകള്‍:കേരളം സജ്ജമാകേണ്ടതെങ്ങനെ?;', 'ഉത്തരവാദിത്ത ടൂറിസം: സ്ത്രീശാക്തീകരണത്തിന്‍റെ ഉപാധിയാകുമ്പോള്‍' എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും പദ്ധതിയുടെ ഭാവി പരിപാടി രൂപരേഖാ അവതരണവും നടന്നു.
ടൂറിസത്തിലൂടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തോടെ യു എന്‍ വിമണ്‍ മുന്നോട്ടുവച്ചിട്ടുള്ള ജെന്‍ഡര്‍ ഇന്‍ക്ലൂസിവ് ടൂറിസം എന്ന ആശയം കേരളത്തില്‍ നടപ്പാക്കുന്നതിനായിട്ടാണ് സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നത്. സമൂഹത്തിന്‍റെ താഴേത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെയുള്ള വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ വനിതാ യൂണിറ്റുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാനും സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ടൂറിസം കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും ഉത്തരവാദിത്ത മിഷന്‍ ലക്ഷ്യമിടുന്നു. 


സംസ്ഥാനവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് ടൂര്‍ കോര്‍ഡിനേറ്റര്‍, സ്റ്റോറി ടെല്ലര്‍, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ഓട്ടോ/ടാക്സി ഓടിക്കുന്നവര്‍ക്ക് ഗസ്റ്റ് ഹാന്‍ഡ്ലിംഗ്, ഹോം സ്റ്റേ ഓപ്പറേറ്റര്‍, സുവനീര്‍ നിര്‍മ്മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കിക്കൊണ്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യവും ഇതിന്‍റെ ഭാഗമായി ഒരുക്കും. എല്ലാ മാസവും പദ്ധതിയുടെ വിലയിരുത്തല്‍ ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും.
 

Photo Gallery

+
Content
+
Content