മില്‍മ പുതിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി

മില്‍മ പുതിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി
Trivandrum / October 26, 2022

തിരുവനന്തപുരം: പാലിന്‍റെ ഉല്പാദനക്ഷമതയില്‍ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി ഉറപ്പാക്കുന്നതിന്‍റെയും വിപണന ശൃംഖല വിപുലീകരിക്കുന്നതിന്‍റെയും ഭാഗമായി മില്‍മ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്‍റെ മേഖലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കേരളം രണ്ടാംസ്ഥാനത്താണ്. പാലുല്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മില്‍മ വഹിക്കുന്ന പങ്ക് വലുതാണ്. നിലവില്‍ മില്‍മ കേരളത്തില്‍ മാത്രം നാല്പതോളം പാലുല്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. മില്‍മയ്ക്ക് ലഭിക്കുന്ന ലാഭത്തിന്‍റെ 80 ശതമാനവും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗതാഗത മന്ത്രി ആന്‍റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാല്‍ വില്പനയില്‍ നിന്നുള്ള വരുമാനത്തിനു പുറമെ പാലുല്പന്നങ്ങളുടെ വിപണി കൂട്ടുന്നതിലൂടെ കൂടുതല്‍ ലാഭവും വരുമാനവും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍ ശ്രമിക്കുന്നതെന്ന് മില്‍മ തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു.
    
മില്‍മ തിരുവനന്തപുരം യൂണിയന്‍ എം.ഡി. ഡി.എസ്. കോണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉപഭോക്താവിന്‍റെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പുതുതായി വിപണിയിലിറക്കിയ മില്‍മ ഉല്പന്നങ്ങള്‍ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്‍. മോഹനന്‍ പിള്ള, തിരുവനന്തപുരം ഡെയറി മാനേജര്‍ ജെസി ആര്‍.എസ്. എന്നിവര്‍ സംസാരിച്ചു.
    
മൂല്യവര്‍ധിത പാലുല്പന്നങ്ങളായ പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗര്‍ട്ട് (രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യം), മിനികോണ്‍, മില്‍ക്ക് സിപ്പ് അപ്പ്, ഫ്രൂട്ട് ഫണ്‍ഡേ എന്നിവയാണ് വിപണിയിലിറക്കിയത്. ഫ്രൂട്ട് ഫണ്‍ഡേ (125 എം.എല്‍)-40 രൂപ, പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗര്‍ട്ട് (100 ഗ്രാം)-50 രൂപ, മിനികോണ്‍ (60 എം.എല്‍)-20 രൂപ, നാല് ഫ്ളേവറുകളിലുള്ള മില്‍ക്ക് സിപ്പ് അപ്പ്, ചോക്കളേറ്റ്- 25 രൂപ എന്നിങ്ങനെയാണ് പുതിയ ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നത്.


    


 

Photo Gallery

+
Content
+
Content