തിരുവിതാംകൂര്‍ പൈതൃക പദ്ധതി; മന്ദിരങ്ങളുടെ ദീപാലങ്കാരം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവിതാംകൂര്‍ പൈതൃക പദ്ധതി; മന്ദിരങ്ങളുടെ ദീപാലങ്കാരം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
Trivandrum / October 27, 2022

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ പൂര്‍ത്തിയാക്കിയ എട്ട് പൈതൃക മന്ദിരങ്ങളിലെ ദീപാലങ്കാര പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
സുന്ദരവിലാസം കൊട്ടാരം, തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) മന്ദിരം, പാളയം ശക്തിവിനായക ക്ഷേത്രം, കേരള മ്യൂസിയം, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ബാങ്ക് ഹൗസ്, എല്‍എംഎസ് വില്‍സ് ഹോസ്റ്റല്‍, പാളയം ജുമാ മസ്ജിദ് എന്നിവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 
തിരുവിതാംകൂറിന്‍റെ ചരിത്രപ്രാധാന്യം  തിരിച്ചറിഞ്ഞാണ് തിരുവിതാംകൂര്‍ പൈതൃക പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ നഗരത്തിലെ 30 പൈതൃക മന്ദിരങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും വെളിവാക്കത്തക്ക വിധത്തില്‍ ദീപാലംകൃതമാക്കും. അടുത്ത ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പൈതൃക മന്ദിരങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 8 പൈതൃക മന്ദിരങ്ങളുടെ ദീപാലങ്കാര പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയതെന്നും ഒരു മാസത്തിനകം 12 പ്രവൃത്തികളും ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ മന്ദിരങ്ങളുടെ ദീപാലങ്കാരവും പൂര്‍ത്തിയാക്കുമെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.
ചടങ്ങില്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷനായിരുന്നു. ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ് ബേബി മാത്യു എന്നിവര്‍ സംബന്ധിച്ചു.


തിരുവിതാംകൂറിന്‍റെ സാംസ്കാരിക പൈതൃകവും പൗരാണികതയും സംരക്ഷിക്കുന്നതിലൂടെ തിരുവനന്തപുരത്തിന്‍റെ നഗരക്കാഴ്ച കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് തിരുവിതാംകൂര്‍ പൈതൃക പദ്ധതി ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ 20 കെട്ടിടങ്ങള്‍ കൂടി പ്രകാശമാനമാക്കും. കൂടാതെ ഓരോ പൈതൃക കെട്ടിടവും ഒരു മ്യൂസിയം പോലെ പരിപാലിക്കും.
കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരം മുതല്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം വരെയുള്ള പൈതൃകസമ്പത്തുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് തിരുവിതാംകൂര്‍ പൈതൃക പദ്ധതി.


 

Photo Gallery

+
Content
+
Content
+
Content
+
Content