ഓയിസ്ക-മില്‍മ ഗ്രീന്‍ ക്വസ്റ്റ്: സൗത്ത് സോണ്‍ ക്വിസ് മത്സരത്തില്‍ സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിന് ഒന്നാസ്ഥാനം

ഓയിസ്ക-മില്‍മ ഗ്രീന്‍ ക്വസ്റ്റ്: സൗത്ത് സോണ്‍ ക്വിസ് മത്സരത്തില്‍ സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിന് ഒന്നാസ്ഥാനം
Trivandrum / November 5, 2022

തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക മില്‍മയുമായി ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'ഓയിസ്ക മില്‍മ ഗ്രീന്‍ ക്വസ്റ്റ് 2022' ന്‍റെ സൗത്ത് സോണ്‍ ക്വിസ് മത്സരത്തില്‍ മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിന് ഒന്നാംസ്ഥാനം ലഭിച്ചു. നകുല്‍ ശ്യാം, കുമാര്‍ ഗോപാല്‍ സിദ്ധാര്‍ത്ഥ് എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. 

നാലു ജില്ലകളില്‍ നിന്നായി 7 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പത്തനംതിട്ട എന്‍ എസ് എസ് എച്ച് എസ് എസ് ചൂരക്കോടിലെ ദേവിക ജി ഓമനക്കുട്ടന്‍, സൂര്യകിരണ്‍ എസ്. എല്‍  എന്നിവരടങ്ങിയ ടീം രണ്ടാംസ്ഥാനത്തെത്തി. ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് നവംബര്‍ 19 നു പാലക്കാട് നടക്കുന്ന ഗ്രാന്‍റ് ഫിനാലെയില്‍ പങ്കെടുക്കാം. തിരുവനന്തപുരം സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന കേരള സൗത്ത് സോണ്‍ റൗണ്ട് മത്സരം പ്രിന്‍സിപ്പല്‍ ബേബിക്കുട്ടി ഉദ്ഘാടനം ചെയ്തു.

വിജയികള്‍ക്കുള്ള സമ്മാനവിതരണം തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി കെ രാജു നിര്‍വഹിച്ചു. 

മില്‍മ മാര്‍ക്കറ്റിംഗ് മാനേജര്‍ എ. ഗോപകുമാര്‍, ടിആര്‍സിഎംപിയു മാര്‍ക്കറ്റിംഗ് ഹെഡ് ജയ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.ഒയിസ്ക ഭാരവാഹികളായ വി പി ശശിധരന്‍, പി കെ നളിനാക്ഷന്‍, ആര്‍. അജയന്‍, അലി അസ്ഗര്‍ പാഷ ഐ എ എസ് എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒയിസ്കയുടെ വജ്രജൂബിലിയോടനുബന്ധിച്ചാണ് ക്വിസ് മത്സരം നടത്തുന്നത്. സ്കൂള്‍, ജില്ല, മേഖല, സംസ്ഥാന തലങ്ങളിലായാണ് മത്സരം. ജില്ലാതല മത്സരങ്ങള്‍ അതതു സ്കൂളുകളില്‍ ഓണ്‍ലൈനായാണ് നടത്തിയത്. തിരുവനന്തപുരത്തിനു പുറമെ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും മേഖലാതല മത്സരങ്ങള്‍ നടത്തിയിരുന്നു. 

ഗ്രാന്‍റ് ഫിനാലെയിലെ വിജയികള്‍ക്ക് ഒരു ലക്ഷത്തിന്‍റെ ക്യാഷ് അവാര്‍ഡ്, ട്രോഫി, ഓയിസ്കയുടെ ജപ്പാന്‍ ആസ്ഥാനത്തു നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പഠനയാത്രയ്ക്കുള്ള അവസരം എന്നിവ സമ്മാനമായി ലഭിക്കും.


 
 

Photo Gallery

+
Content