പാല്‍വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍

പാല്‍വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍
Trivandrum / November 8, 2022

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്‍പ്പാദനോപാധികളിലുണ്ടായ ഗണ്യമായ വിലവര്‍ധനവ് കണക്കിലെടുത്തും പാലിന്‍റെ വില വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.

കേരളത്തിലെ പാല്‍ ഉല്‍പ്പാദനത്തിന്‍റെ ചെലവും മറ്റും പഠിക്കുന്നതിന് വെറ്റിനറി സര്‍വ്വകലാശാലയിലെയും കാര്‍ഷിക സര്‍വ്വകലാശാലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് നവംബര്‍ 15 നകം ലഭിക്കും. ഇതിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഫെഡറേഷന്‍ ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ഉചിതമായ വിലവര്‍ധനവ് നടപ്പാക്കണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്‍റെയും മേഖല യൂണിയനുകളുടെയും ചെയര്‍മാന്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി മില്‍മ ചെയര്‍മാന്‍ അറിയിച്ചു. 

ക്ഷീരകര്‍ഷകരുടെ അധ്വാനത്തിന് ആനുപാതികമായ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും മില്‍മയോട് സഹകരിക്കുന്ന ഉപഭോക്താക്കള്‍ ഈ വിലവര്‍ധനവ് ഉള്‍ക്കൊള്ളണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

ഫെഡറേഷന്‍റെ തിരുവനന്തപുരം ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന പ്രോഗ്രാമിംഗ് കമ്മിറ്റി യോഗത്തില്‍ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍, ഫെഡറേഷന്‍റെയും മേഖല യൂണിയന്‍റെയും മാനേജിംഗ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


 

Photo Gallery