കെഎസ്എഫ്ഡിസി നിര്‍മ്മിച്ച ആദ്യസിനിമ 'നിഷിദ്ധോ' ഇന്നുമുതല്‍ (നവംബര്‍ 11) തിയേറ്ററുകളില്‍

കെഎസ്എഫ്ഡിസി നിര്‍മ്മിച്ച ആദ്യസിനിമ 'നിഷിദ്ധോ' ഇന്നുമുതല്‍ (നവംബര്‍ 11) തിയേറ്ററുകളില്‍
Trivandrum / November 10, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതിയില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) നിര്‍മ്മിച്ച ആദ്യ സിനിമ 'നിഷിദ്ധോ' ഇന്ന് (നവംബര്‍ 11) തിയേറ്ററില്‍ റിലീസ് ചെയ്യും. കെഎസ്എഫ്ഡിസിയുടേത് ഉള്‍പ്പെടെ 47 തിയേറ്ററുകളിലാണ് റിലീസ്. 

നിഷിദ്ധോയുടെ ടിക്കറ്റിനൊപ്പം ആകര്‍ഷകമായ സമ്മാന കൂപ്പണ്‍ പദ്ധതി കെഎസ്എഫ്ഡിസി ഒരുക്കിയിട്ടുണ്ട്. ഒന്നാംസമ്മാനം ആക്ടിവ സ്കൂട്ടര്‍, രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക് 55 ഇഞ്ച് എല്‍ഇഡി ടിവി, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് വാഷിംഗ് മെഷീന്‍ എന്നിവയാണ് സമ്മാനങ്ങള്‍. 

2019-20 വര്‍ഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലെ ആദ്യ സിനിമയാണ് താര രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോ. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍
ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായികയ്ക്കുള്ള എഫ്എഫ്എസ്ഐ കെ ആര്‍. മോഹനന്‍ അവാര്‍ഡ് നിഷിദ്ധോയിലൂടെ താര രാമാനുജന്‍ നേടി. 52-ാമത് സംസ്ഥാന ചലച്ചിത്ര  പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു നിഷിദ്ധോ. 2022 ലെ ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട നിഷിദ്ധോ 13-ാമത് ബെംഗളൂരു ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലും 27-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളിയും തമിഴ് യുവതിയുമായുള്ള ബന്ധവും അവരുടെ ജീവിത സംഘര്‍ഷങ്ങളുമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്‍മയ് ധനാനിയയുമാണ് പ്രധാന അഭിനേതാക്കള്‍.
     

Photo Gallery