ലഹരിമുക്തബാല്യം: വികസ്വര രാജ്യങ്ങള്‍ ഫലപ്രദമായ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ആഗോള സമ്മേളനം

ലഹരിമുക്തബാല്യം: വികസ്വര രാജ്യങ്ങള്‍ ഫലപ്രദമായ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ആഗോള സമ്മേളനം
Trivandrum / November 17, 2022

തിരുവനന്തപുരം: കുട്ടികളിലും യുവാക്കളിലും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും പരിചരണത്തിനുമായി ഫലപ്രദമായ നിയമനിര്‍മ്മാണവും ചട്ടക്കൂടും സൃഷ്ടിക്കേണ്ടത് വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണെന്ന് ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ് (ഡബ്ല്യുസി) സബ്സ്റ്റന്‍സ് അബ്യൂസ് ഫോറം ചെയര്‍ ഷാന്‍റല്ലെ പെപ്പര്‍ പറഞ്ഞു. 'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന പ്രമേയത്തില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭിന്ന മേഖലകളില്‍ നിന്നുള്ള പങ്കാളിത്തവും സമീപനവും പ്രധാനമാണെന്ന് ഷാന്‍റല്ലെ പെപ്പര്‍ പറഞ്ഞു. 'നയം നടപ്പാക്കല്‍: സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ഭിന്ന സമീപനത്തിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ഇടപെടലുകള്‍ക്കും വേണ്ടി വാദിക്കുക' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പെപ്പര്‍.


യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്ഡബ്ല്യുഎഫ്) ആണ് ത്രിദിന സമ്മേളനം  സംഘടിപ്പിച്ചിട്ടുള്ളത്. 
സര്‍ക്കാര്‍ വകുപ്പുകള്‍, സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റി, പൗരസമൂഹം, ലോക്കല്‍ ഡ്രഗ് ആക്ഷന്‍ കമ്മിറ്റികള്‍, സ്വകാര്യ മേഖല എന്നിവയുടെ കൂട്ടായ ശ്രമങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ പ്രതിരോധ മാതൃക പരാമര്‍ശിച്ച് പെപ്പര്‍ പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി കൗണ്‍സിലുകള്‍ സ്വീകരിച്ച തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതികളും സഹിതം പ്രവിശ്യാ ഗവണ്‍മെന്‍റ് തയ്യാറാക്കിയ ദേശീയ ഡ്രഗ് മാസ്റ്റര്‍ പ്ലാനും പ്രൊവിന്‍ഷ്യല്‍ ഡ്രഗ് മാസ്റ്റര്‍ പ്ലാനും നിലവിലുണ്ട്. സ്കൂള്‍ പഠിതാക്കള്‍ക്കും 13-20 വയസ്സിനിടയിലുള്ള യുവാക്കള്‍ക്കും ഡബ്ല്യുസി പരിചരണം നല്‍കിവരുന്നു. ദക്ഷിണാഫ്രിക്ക മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്‍റെ കണക്കനുസരിച്ച് 2,433 പേര്‍ക്ക് ഡബ്ല്യുസി ചികിത്സ ലഭ്യമാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പരിചരണത്തിലൂടെ ലഹരിമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കണമെന്നും ഇവരെ വൈദഗ്ധ്യമുള്ളവരാക്കണമെന്നും ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ അഡ്വൈസറി ബോര്‍ഡ് അംഗം ഡോ.അശ്വിന്‍ മഹേഷ് പറഞ്ഞു. 'മയക്കുമരുന്ന് ലഭ്യത കുറയ്ക്കുന്നതില്‍ സമൂഹത്തിന്‍റെ നേതൃപരമായ പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഭീഷണി നേരിടുന്ന മിക്ക രാജ്യങ്ങളിലും മതിയായ ഇടപെടല്‍ നടക്കുന്നില്ലെന്ന് യുഎസിലെ റിക്കവറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ് അസോസിയേറ്റ് ഡയറക്ടര്‍ എമിലി ഹെന്നസി പറഞ്ഞു.


മയക്കുമരുന്ന് ഉപയോഗം, കൈവശം വയ്ക്കല്‍, ഉല്‍പ്പാദനം, വിതരണം എന്നിവയുടെ ഫലമായി ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങള്‍ നേരിടുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് യുഎസ്സിലെ നാഷണല്‍ അലയന്‍സ് ഫോര്‍ ഡ്രഗ് എന്‍ഡേഞ്ചേഡ് ചില്‍ഡ്രന്‍ (ഡിഇസി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്കോട്ട് ഹെന്‍ഡേഴ്സണ്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പറഞ്ഞു. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തില്‍ നിന്ന് മുക്തരായ കുട്ടികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഡിഇസിയുടെ കാഴ്ചപ്പാടെന്നും ഹെന്‍ഡേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.
 

Photo Gallery

+
Content