കഞ്ചാവ് പിടിച്ചെടുക്കുന്നതില്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യ ഒന്നാമത്: യുഎന്‍ ഉദ്യോഗസ്ഥന്‍

കഞ്ചാവ് പിടിച്ചെടുക്കുന്നതില്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യ ഒന്നാമത്: യുഎന്‍ ഉദ്യോഗസ്ഥന്‍
Trivandrum / November 18, 2022

തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതിലും ഫലപ്രദമായ നിയന്ത്രണ, നിര്‍വ്വഹണ സംവിധാനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് യുഎന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസിലെ (യുഎന്‍ഒഡിസി) പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ പറഞ്ഞു. 'ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന പ്രമേയത്തില്‍ നടന്ന ത്രിദിന ആഗോള സമ്മേളനത്തിന്‍റെ സമാപന ദിനത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


2021 ലെ ലോക ഡ്രഗ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ കഞ്ചാവിന്‍റെ ലഹരിശേഷി നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ബാറ്റ്വെയര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം വേരോടെ പിഴുതെറിയുന്നതിനായി യുവാക്കള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്ഡബ്ല്യുഎഫ്) ആണ് സമ്മേളനം സംഘടിപ്പിച്ചത്. 
യുഎസ്സില്‍ മയക്കുമരുന്ന് പദാര്‍ഥങ്ങള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മിഠായികളുടെയും സിറപ്പുകളുടെയും ഊര്‍ജ്ജദായക പാനീയങ്ങളുടെയും രൂപത്തില്‍ എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് യുഎസ്എയിലെ ഡബ്ല്യുഎഫ്എഡിയുടെ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ആമി റോണ്‍ഷൗസെന്‍ പറഞ്ഞു. യുഎസ്സില്‍ പലപ്പോഴും മയക്കുമരുന്ന് വിപണനത്തില്‍ സ്ത്രീകള്‍ ഇരകളാകുന്നു. 2015 നും 2018 നും ഇടയില്‍ മരിജുവാന ഉപയോഗിക്കുന്ന ഗര്‍ഭിണികളില്‍ 100% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മേക്കപ്പ് ഉല്‍പ്പന്നങ്ങളുടെയും പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) റിലീഫ് ഗുളികകളുടെയും രൂപത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഈ ദോഷകരമായ വസ്തുക്കള്‍ സാധാരണമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വന്‍കിട പുകയില, മരിജുവാന വ്യവസായങ്ങള്‍ ഒരേ വിപണന തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് യുഎസ്സിലെ കാള്‍ട്ടണ്‍ ഹാള്‍ കണ്‍സള്‍ട്ടന്‍സി പ്രസിഡന്‍റും സിഇഒയുമായ കാള്‍ട്ടണ്‍ ഹാള്‍ പറഞ്ഞു. ഈ ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് ആകര്‍ഷകമല്ലെന്ന് മരിജുവാന ലോബി നിരന്തരമായി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പരസ്യം, ലേബലിംഗ്, ആകൃതി, നിറം എന്നിവയില്‍ മാറ്റം വരുത്താന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കുട്ടികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് ബഹുമുഖ പങ്കാളിത്തം ആവശ്യമാണന്ന് ഫെഡറല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സി. ബാലഗോപാല്‍ പറഞ്ഞു. ഏത് സാമൂഹികമാറ്റവും താഴെത്തട്ടിലൂടെ മാത്രമേ സംഭവിക്കൂ. അതിനാല്‍ കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം ഒഴിവാക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രാദേശിക സമൂഹങ്ങളെയും അണിനിരത്തുന്നത് സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മാധ്യമങ്ങളിലൂടെയുള്ള ലഹരിവസ്തുക്കളുടെ മഹത്വവല്‍ക്കരണം സമൂഹത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് 'ഡിജിറ്റല്‍, ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം' എന്ന സെഷനില്‍ പ്രഭാഷകര്‍ പറഞ്ഞു. ഒരു പ്രധാന സാമൂഹിക സ്ഥാപനം എന്ന നിലയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ സന്ദേശം സൂക്ഷ്മമായും ബുദ്ധിപരമായും പ്രചരിപ്പിക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. 
ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ്, ദി ഇക്കണോമിക് ടൈംസ് മുന്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ ജോ എ സ്കറിയ, ന്യൂസ് 9 സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ജിഷ സൂര്യ, സിനിമാ സംവിധായകന്‍ പാര്‍ഥന്‍ മോഹന്‍ എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്തു. ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സ്വരൂപ് ബി.ആര്‍. മോഡറേറ്ററായിരുന്നു.
 

Photo Gallery

+
Content
+
Content