ഈഡിത്ത് ഷ്ളാഫര്‍, എസ്ബ്യോണ്‍ ഹോണ്‍ബര്‍ഗ് എന്നിവര്‍ക്ക് സേഫ് പുരസ്ക്കാരം

ഈഡിത്ത് ഷ്ളാഫര്‍, എസ്ബ്യോണ്‍ ഹോണ്‍ബര്‍ഗ് എന്നിവര്‍ക്ക് സേഫ് പുരസ്ക്കാരം
Trivandrum / November 18, 2022

തിരുവനന്തപുരം: ലോകപ്രശസ്ത വനിതാ സംഘടനയായ വിമന്‍ വിത്തൗട്ട് ബോര്‍ഡേഴ്സിന്‍റെ സ്ഥാപകയും ഓസ്ട്രിയന്‍ പൗരയുമായ ഡോ. ഈഡിത്ത് ഷ്ളാഫര്‍, സ്വീഡിഷ് ലഹരിവിമുക്ത പ്രവര്‍ത്തകന്‍ എസ്ബ്യോണ്‍ ഹോണ്‍ബര്‍ഗ് എന്നിവര്‍ക്ക് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍റെ 2022 ലെ സേഫ് (സബ്സ്റ്റന്‍സ് അബ്യൂസ് ഫ്രീ എന്‍വയോണ്‍മെന്‍റ്) ആജീവനാന്ത പുരസ്ക്കാരം സമര്‍പ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനും ഈ വിപത്തിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്ക്കാരം.

ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈമിന്‍റെ (യുഎന്‍ഒഡിസി) സഹകരണത്തോടെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ സെമിനാറായ ചില്‍ഡ്രന്‍ മാറ്റര്‍ വേദിയില്‍ ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക്ക് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ ആണ് പുരസ്കാരം സമ്മാനിച്ചത്.

ലോകമെമ്പാടും ശാഖകളുള്ള വിമന്‍ വിത്തൗട്ട് ബോര്‍ഡര്‍ സംഘടനയിലൂടെ കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗം തടയുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് ഡോ. ഷ്ളാഫര്‍ നടത്തി വരുന്നത്. അവരുടെ മദര്‍ സ്കൂള്‍; പേരന്‍റിംഗ് ഫോര്‍ പീസ് എന്ന പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള ഫലപ്രദമായ കാല്‍വയ്പാണ്.

മൂന്നു പതിറ്റാണ്ടായി തുടരുന്ന സാമൂഹ്യസേവന രംഗത്ത് തീവ്രനിലപാടുകള്‍ക്കെതിരെ അവര്‍ നിരവധി വനിതാകൂട്ടായ്മ സംഘടിപ്പിച്ചു. സിസ്റ്റേഴ്സ് എഗേന്‍സ്റ്റ് വയലന്‍റ് എക്സ്ട്രിമിസം(സേവ്) ലോകത്തിലെ തന്നെ ആദ്യത്തെ തീവ്രവാദ വിരുദ്ധ വനിതാവേദിയാണ്. തീവ്രനിലപാടുകള്‍ക്കെതിരെ സ്ത്രീകളെയും അമ്മമാരെയും അണിനിരത്തിയുള്ള അവരുടെ പോരാട്ടം ഏറെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി.

വികസനകാര്യ വിദഗ്ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ആഗോള മദ്യ-ലഹരി വിരുദ്ധ പോരാളി എന്നീ നിലകളില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എസ്ബ്യോണ്‍ ഹോണ്‍ബര്‍ഗ്. പൊതുസമൂഹവുമായി ചേര്‍ന്നു കൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് ലക്ഷത്തിലധികം കൂട്ടായ്മകളാണ് അദ്ദേഹം ആഗോളതലത്തില്‍ രൂപീകരിച്ചത്.

ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിലും പുരനരധിവാസത്തിലും പ്രവര്‍ത്തിക്കുന്ന മുന്നൂറിലധകം സംഘടനകളുടെ കൂട്ടായ്മയായ ഐഒജിടി(മുവേന്‍ഡി), വേള്‍ഡ് ഫെഡറേഷന്‍ എഗെന്‍സ്റ്റ് ഡ്രഗ്സ് എന്നീ സംഘടനകളിലും അദ്ദേഹം അംഗമാണ്. 
 

Photo Gallery

+
Content
+
Content