കെഎസ് യുഎം ഇഗ്നൈറ്റ് കാലിക്കറ്റ്;

ഒറ്റ ദിവസം 75 കൂടിക്കാഴ്ചകള്‍
Calicut / November 21, 2022

കോഴിക്കോട്: മലബാര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളില്‍ കൂടുതല്‍ നിക്ഷേപ സാദ്ധ്യതകള്‍ ലക്ഷ്യമിട്ടു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ നിക്ഷേപക സംഗമമായ 'ഇഗ്നൈറ്റ് കാലിക്കറ്റില്‍ നടന്നത് 75ല്‍പ്പരം കൂടിക്കാഴ്ചകള്‍. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂടുതല്‍ വേദികള്‍ ഉണ്ടാകുമെന്ന് കെഎസ്യുഎം വ്യക്തമാക്കി.


    സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് എങ്ങിനെ നിക്ഷേപകരെ കണ്ടെത്താമെന്നും നിക്ഷേപ ശേഷിയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എങ്ങിനെ മികച്ച സംരംഭങ്ങളില്‍ നിക്ഷേപിക്കാമെന്നും പരസ്പരം മനസിലാക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഇഗ്നൈറ്റ് കാലിക്കറ്റ്. ഇന്‍വസ്റ്റര്‍ കഫെയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്ന 25 സ്റ്റാര്‍ട്ടപ്പുകളാണെത്തിയത്. ഇവര്‍ തെരഞ്ഞെടുക്കപ്പെട്ട 12 നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. ഒരു സ്റ്റാര്‍ട്ടപ്പിന് ശരാശരി 3 നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു. മൊത്തം 75 കൂടിക്കാഴ്ചകളാണ് നടന്നതെന്ന് കെഎസ്യുഎം അറിയിച്ചു. 


    ഇന്‍വസ്റ്റര്‍ കഫെ ഫലപ്രദമായിരുന്നുവെന്നും പല സ്റ്റാര്‍ട്ടപ്പുകളുമായി തുടര്‍ കൂടിക്കാഴ്ചകള്‍ ഉടന്‍ തന്നെ നടത്തുമെന്നും നിക്ഷേപകര്‍ അറിയിച്ചു. ഇതിനു പുറമെ സ്വന്തം സംരംഭങ്ങളെ എങ്ങിനെ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് പ്രത്യേക പരിശീലന പരിപാടിയും ഇഗ്നൈറ്റില്‍ നടന്നു. നൂറിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. 


    നിക്ഷേപ ശേഷിയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ശ്രദ്ധാപൂര്‍വം സ്റ്റാര്‍ട്ടപ്പുകളില്‍ എങ്ങിനെ നിക്ഷേപം നടത്താമെന്നതിനെക്കുറിച്ച് പ്രത്യേക ക്ലാസ് നടന്നു. പ്രശസ്ത എയ്ഞ്ജല്‍ നിക്ഷേപകനായ പി കെ ഗോപാലകൃഷ്ണനാണ് ക്ലാസുകള്‍ നയിച്ചത്.  അമ്പതോളം പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.


    സ്റ്റാര്‍ട്ടപ്പുകളെ മുന്നില്‍ കണ്ടു കൊണ്ട് കേരളത്തില്‍ പ്രത്യേക നിക്ഷേപക സംസ്ക്കാരം വളര്‍ത്തിയെടുക്കണമെന്ന് ഇഗ്നൈറ്റില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണം. ഇഗ്നൈറ്റ് പോലുള്ള പരിപാടികള്‍ നിശ്ചിക ഇടവേളകളില്‍ നടത്താനും കഴിയണമെന്നും നിക്ഷേപകര്‍ അഭിപ്രായപ്പെട്ടു.
കേരള നോളഡ്ജ് ഇകോണമി മിഷന്‍ ജനറല്‍ മാനേജര്‍ പി എം മുഹമ്മദ് റിയാസ്, കെഎസ്യുഎം മാനേജര്‍ സൂര്യ തങ്കം, കഥ ആപ്പിന്‍റെ സ്ഥാപകന്‍ ഇഷാന്‍ മുഹമ്മദ്, എന്‍ഐടിയിലെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ സിഇഒ പ്രീതി മണിലിടം, ലിജോ പനച്ചിപ്പിള്ളി തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയിലും വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തു.
    

Photo Gallery

+
Content